- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
151 കിലോമീറ്റർ സഞ്ചരിക്കാൻ നാല് മണിക്കൂർ മതിയെന്ന് ഗൂഗിൾ; വിഐപികൾക്ക് അതിവേഗം മൂന്ന് മണിക്കൂർ കൊണ്ട് തിരുനക്കരയിൽ എത്താം; കോട്ടയത്തിന്റെ രാഷ്ട്രീയ പുത്രന് ഇത്രയം ദൂരം അവസാന ജനസമ്പർക്കം പൂർത്തിയാക്കാൻ വേണ്ടി വന്നത് 29 മണിക്കൂർ! ഈ കാഴ്ചകൾ രാജ്യത്ത് തന്നെ ഇതാദ്യം; ഉമ്മൻ ചാണ്ടിയെന്ന കുഞ്ഞൂഞ്ഞ് ചരിത്രമാകുമ്പോൾ
കോട്ടയം: ഗൂഗിളിൽ ജഗതിയിൽ നിന്ന് കോട്ടയത്തേക്കുള്ള ദൂരം പരിശോധിച്ചാൽ കിട്ടുക 151 കിലോമീറ്റർ എന്ന മറുപടി. യാത്ര ചെയ്യാൻ എംസി റോഡിലൂടെ വേണ്ടത് 4 മണിക്കൂർ. വിഐപി സംരക്ഷണയിൽ പോയാൽ മൂന്ന് മണിക്കൂർ മതിയെന്നതാണ് യാഥാർത്ഥ്യം. ഈ വഴിയിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര കോട്ടയത്ത് എത്താൻ 29 മണിക്കൂർ എടുത്തത്. അതായത് മണിക്കൂറിൽ ആ വണ്ടി ഓടിയത് വെറും അഞ്ചു കിലോമീറ്റർ. സാധാരണ വേഗത്തിൽ നടക്കുന്നവർ പോലും മണിക്കൂറിൽ അതിലും കൂടുതൽ വേഗം പിന്നിടും. ഉമ്മൻ ചാണ്ടിക്ക് മലയാളി നൽകിയ സ്‌നേഹ വായ്‌പ്പായിരുന്നു അന്തിമ ജനസമ്പർക്ക യാത്ര.
ഇന്ത്യ ഇതിന് മുമ്പൊരു നേതാവിനും ഇതു പോലൊരു അന്തിമയാത്ര നൽകിയിട്ടില്ല. ലോകത്തും അത്യപൂർവ്വമായിരിക്കും ഈ കാഴ്ചകൾ. മലയാളിയുടെ മനസ്സിലെ നിത്യതയായി ഇനി ഉമ്മൻ ചാണ്ടി മാറും. സഹായങ്ങൾ കിട്ടിയവരും മറ്റുള്ളവർ അതേ കുറിച്ച് പറഞ്ഞ് അറിഞ്ഞവരും എംസി റോഡിന്റെ ഇരുവശവും മനുഷ്യമതിൽ തീർത്തു. ബസിനുള്ളിൽ ഇരുന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം എല്ലാം കണ്ട് പൊട്ടിക്കരഞ്ഞു. മകൻ എത്തിയവർക്കെല്ലാം തൊഴി കൈയോടെ നന്ദി പറഞ്ഞു. സ്‌നേഹ വായ്‌പ്പുകൾക്കിടയിൽ തിരുന്നക്കരയിൽ ഉമ്മൻ ചാണ്ടി എത്തി. ജനലക്ഷങ്ങളാണ് ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തിരുനക്കരയിൽ എത്തിയത്.
എം.സി. റോഡിലൂടെ പല സ്ഥലങ്ങളിലായി അനേകം മനുഷ്യസ്നേഹികളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതീകശരീരം കോട്ടയത്തേക്ക് നീങ്ങുന്നത്. രാത്രിയിൽ ഉടനീളം പ്രിയനേതാവിനെ കാത്ത് തിരുനക്കരയും കോട്ടയം ജില്ലയും നഗരവും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വടക്കൻ കേരളത്തിൽ നിന്നുള്ള അനേകം കോൺഗ്രസ് നേതാക്കളാണ് തിരുനക്കര മൈതാനത്ത് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇവരെല്ലാം ഇന്നലെ രാത്രി മുതൽ ഉറങ്ങാതെ കാത്തിരിന്നു. പതിനൊന്ന് പിതനെട്ടിന് ആ ദേഹം വീണ്ടും തിരുനക്കരയിൽ എത്തി. ലക്ഷങ്ങളുടെ ആദരമേറ്റുവാങ്ങിയാണ് തിരുവനന്തപുരത്ത് നിന്നും അഞ്ചു ജില്ലകൾ പിന്നിട്ടുള്ള യാത്ര മുമ്പോട്ട് പോയത്.
പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി എംസി റോഡിന്റെ ഇരുവശത്തുമായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്. വിങ്ങുന്ന ഹൃദയത്തോടെയാണ് ആൾക്കാർ പ്രിയനേതാവിന് വിട നൽകിയത്. ഇനി തിരുനക്കരയിൽ നിന്നും പുതുപ്പള്ളിയിലേക്കാണ് യാത്ര. അതിന് എത്ര സമയം എടുക്കുമെന്ന് ആർക്കും അറിയില്ല. തിരുനക്കരയിലെ ജനക്കൂട്ടം പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്രയിൽ അനുഗമിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ജനസാഗരത്തെ ഉൾക്കൊള്ളാൻ പുതുപ്പള്ളിക്ക് കഴിയാതെ വരും. കരഞ്ഞും അലമുറയിട്ടും പ്രിയനേതാവിന് അവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു.
കോട്ടയത്തിന്റെ മണ്ണിൽ തിരുനക്കരയിൽ വിലാപയാത്ര എത്തിയപ്പോൾ സമയം രാവിലെ 11 മണി പിന്നിട്ടു. മഴ ഇടയ്ക്ക് വന്നും പോയുമിരുന്നു. കുടചൂടിയും ചൂടാതെയും ഉമ്മൻ ചാണ്ടി നൽകിയ കരുതലിനെ ഓർത്ത് അവസാനമായി ഒരുനോക്ക് കണ്ട് യാത്രയാക്കാൻ എം.സി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിന്നത് മണിക്കൂറുകൾ. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ, ജനങ്ങളാൽ ചുറ്റപ്പെട്ട്, ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനൽകാൻ അദ്ദേഹത്തിന്റെ പ്രിയജനവും വിശ്രമമറിയാതെ കാത്തുനിന്നു. 12 മണിക്കൂർ കൊണ്ട് ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 29 മണിക്കൂറോളം സമയമെടുത്താണ്.
നിർണായക രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകൾ മുന്നെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വൻജനാവലിയാണ് തിരുനക്കരയിലുള്ളത്.