തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് എങ്ങനെ പോയാലും നാലര മണിക്കൂറിൽ റോഡ ്മാർഗ്ഗം എത്താം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്ത് എത്താൻ എത്രസമയം എടുക്കുമെന്ന് ആർക്കും അറിയില്ല. ജനനായകനെ കാണുന്നവരെയെല്ലാം കാണിച്ച് പുതുപ്പള്ളിയിൽ എത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. ഔദ്യോഗിക ബഹുമതികൾ സംസ്‌കാരത്തിന് ഉണ്ടാകുമോ എന്നും അറിയില്ല. വേണ്ടെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ മനസ്സ്. അതുകൊണ്ട് തന്നെ അങ്ങനെ തന്നെ അത് ആകാനാണ് സാധ്യത. എന്നാൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ ആചാരപരമായി യാത്രയാക്കാനാണ് മലയാളിയുടെ മനസ്സിലെ ആഗ്രഹം. കുടുംബത്തിന്റെ നിലപാട് തന്നെയാകും ഇക്കാര്യത്തിൽ ഇനി നിർണ്ണായകം.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ദർബാർ ഹാളിൽ പൊതുദർശനം. അതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ സെക്രട്ടറിയേറ്റിന് അടുത്തുള്ള ദേവാലയത്തിലും പൊതു ദർശനമുണ്ടാകും. അതിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. ഡിസിസി ഓഫീസിലേക്കും കൊണ്ടു പോകും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്‌കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു.

ഉമ്മൻ ചാണ്ടിയെ കാണാനെത്തുന്നവർക്കെല്ലാം അതിനുള്ള അവസരമുണ്ടാകും. തിരുവനന്തപുരത്ത് നിന്നുള്ള വിലാപ യാത്ര മണിക്കൂറുകൾ നീളും. അതുകൊണ്ട് തന്നെ സമയ നിഷ്ഠ എല്ലാ കാര്യത്തിലും നടക്കില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. ബംഗ്ലൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടു വരുന്നത്. രണ്ട് പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. ബംഗ്ലൂരുവിലുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും മൃതദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് എത്തും.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും ഇന്ന് അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കേരളസർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവിൽ ചിന്മമിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം ബംഗളൂരുവിലും പൊതുദർശനത്തിന് വയ്ക്കും. കർണാടക മുൻ മന്ത്രി ടി.ജോണിന്റെ വീട്ടിലായിരിക്കും പൊതുദർശനം. ഇവിടെയായിരുന്നു കുറച്ചു ദിവസമായി ഉമ്മൻ ചാണ്ടി താമസിച്ചിരുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും.

തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചശേഷം പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും. പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദർശനത്തിന് ശേഷം വീണ്ടും വീട്ടിലേക്ക്. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഇതാണ് പ്രഖ്യാപിച്ചിരിക്കുന്ന സമയ ക്രമം.