- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു മണിയോടെ എങ്കിലും തിരുനക്കര എത്തുമെന്ന പ്രതീക്ഷയിൽ എത്തിയ മമ്മൂട്ടി; ജനനായകനെ അവസാനമായി കാണാൻ ഓടിയെത്തിയ സുരേഷ് ഗോപി; വിലാപ യാത്ര എത്തുന്നത് കാത്തിരിക്കുന്ന ദിലീപും കുഞ്ചാക്കോ ബോബനും; എല്ലാം ഏകോപിപ്പിച്ച് രമേശ് പിഷാരടിയും; ജനനായകനെ യാത്രയാക്കാൻ സിനിമയിലെ സുഹൃത്തുക്കളും; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകന് കാത്തിരിപ്പിൽ മറുപടി നൽകി മമ്മൂട്ടി
തിരുവനന്തപുരം: ജനങ്ങൾക്കായി ജീവിച്ച് ജനമനസുകൾ കീഴടക്കിയ ജനനായകൻ ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലാൻ തെരുവീഥികളിലേക്ക് ഒഴുകിയെത്തി കേരളം. ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ വിലാപയാത്രയ്ക്കായി ഒരു രാവും ഒരു പകലും പിന്നിട്ടിട്ടും ജനങ്ങൾ കാത്തുനിന്നതോടെ എംസി റോഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 28 മണിക്കൂറോളം പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലേക്ക് എത്തിച്ചേരുന്നത്.
പതിനായിരങ്ങളുടെ കണ്ണീർ പെയ്ത്തിനിടയിൽ ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ശാന്തമായി ഉറങ്ങുന്നു, ഇനി ഒരിക്കലും തിരിച്ചു വരാത്ത വഴികളിൽ കൂടിയുള്ള അവസാന യാത്ര മുന്നോട്ടുപോകുകയാണ്. വിലാപയാത്രയിൽ വഴിയോരങ്ങളിൽ മുദ്രാവാക്യം വിളിച്ച് കണ്ഠമിടറി രാത്രി ഉടനീളം ഉറക്കമിളച്ച് കാത്തിരുന്നു ജനം, തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാനെത്തിയിരുന്നു.
പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. പൊതുദർശനത്തിനായി തിരുനക്കരയിൽ വൻജനാവലിയാണ് എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കുഞ്ചാക്കോ ബോബനും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, രാവിലെ ഒൻപതുമണിയോടെ താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തി ജനക്കൂട്ടത്തിനൊപ്പം കാത്തിരിക്കുകയാണ്. നടൻ രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്.
നടൻ പിഷാരടിക്കും നിർമ്മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. ഭരണകർത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മൻ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു.
തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്‌കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബംഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.
പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർത്ഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ.
11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആൾക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം.
ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദർശനം. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.