- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണമുറിയാത്ത ജനസമ്പർക്കം! ജനഹൃദയങ്ങളിലേറി പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ മടക്കം; വിലാപയാത്രയിൽ തിങ്ങിനിറഞ്ഞ് ജനസാഗരം; സംസ്‌കാരത്തിന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും; തീരുമാനം, ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷപ്രകാരം; രാഹുൽ പുതുപ്പള്ളിയിലെത്തും
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിർത്തി പിന്നിട്ട് മൂന്നോട്ട് നീങ്ങുകയാണ്. പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാൻ ജനസാഗം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. എം സി റോഡിന്റെ ഇരുവശവും നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി കാത്തുനിൽക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ജോലിക്കാരും റോഡരികിൽ കാണാനായി കൂട്ടം കൂടി നിൽക്കുന്ന കാഴ്‌ച്ചയാണ് കാണുന്നത്. കിളിമാനൂർ ഭാഗത്തുകൂടിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലപരിധി വിട്ട് കൊല്ലത്ത് വിലാപയാത്രയെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.
അതേ സമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും. ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് തീരുമാനം. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു.
എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. കുടുംബവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തും. ഡൽഹിയിൽ ഉള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണ വാർത്തയറിഞ്ഞ്, പ്രതിപക്ഷ ഐക്യയോഗം നടക്കുന്നിടത്ത് നിന്ന് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാനായി
ബെംഗളൂരുവിലെ ടി. ജോണിന്റെ വീട്ടിൽ എത്തിയിരുന്നു. അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ തിരികെ പോയത്. തുടന്ന് ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കുകയായിരുന്നു.
തലസ്ഥാനത്ത് പൊതുദർശനത്തിനു വെച്ച ശേഷം ഇന്ന് രാവിലെ ഏഴ് മണിയോടെ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. ഒരുനോക്കുകാണാൻ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിൽ മുന്നോട്ട് നീങ്ങാൻ പാടുപെടുകയാണ് വിലാപയാത്ര. വഴിയിൽ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടനേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഒരു മണിയോടെ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ശേഷം 3.30ന് പള്ളിമുറ്റത്തെ പ്രത്യേക കല്ലറയിൽ വച്ചായിരിക്കും സംസ്‌കാരം.