തിരുവനന്തപുരം: ജനങ്ങൾക്കായി ജീവിച്ച ജനകീയ നേതാവിന്റെ അന്ത്യയാത്രയിൽ യാത്രമൊഴിയേകാൻ എത്തിയ ജനസാഗരത്തിന് നടുവിലൂടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിൽ. എം സി റോഡിലൂടെയുള്ള വിലാപയാത്ര എട്ടുമണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലത്ത് പ്രവേശിച്ചത്. തിരുവനന്തപുരം നഗരം വിട്ട് വെമ്പായത്തും വെഞ്ഞാറമൂട്ടിലും കിളിമാനൂരിലും ചടയമംഗലത്തുമടക്കം വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിൽക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന ആബാലവൃദ്ധം ജനങ്ങൾ പെരുമഴ പോലും വകവയ്ക്കാതെ പൂക്കൾ അർപ്പിച്ചും കൈകൾ കൂപ്പിയും സ്മരണാഞ്ജലികൾ അർപ്പിച്ചു. വാളകത്തും കൊട്ടാരക്കരയിലും വൻജനാവലിയാണ് വിലപായാത്രയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരിക്കുന്നത്.

കോട്ടയം തിരുനക്കരയിൽ അർദ്ധരാത്രിയോടെ വിലാപയാത്ര എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് വിലാപയാത്രയെത്തും. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് പൂർണ ബഹുമതി നൽകണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത അഭിപ്രായം ഉയർന്നുവന്നതോടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അന്തിമതീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ചീഫ് സെക്രട്ടറി കുടുംബവുമായി സംസാരിക്കുകയും ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ഔദ്യോഗിക ബഹുമതി ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു. മരണത്തിലും സാധാരണക്കാരനാകാൻ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ട എന്ന് പറഞ്ഞതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന കുറിപ്പിൽ പറയുന്നു. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു.

ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.

1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനം. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്.

ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്‌നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്‌റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും.