- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗർഭിണിയാണ്, നാളെ ഡേറ്റാണ്, എന്നാലും കണ്ടിട്ടെ പോകുന്നുള്ളു!'; കൈക്കുഞ്ഞുമായി പാതയോരത്ത് കാത്തുനിൽക്കുന്ന അമ്മമാരും; ആൾക്കൂട്ടത്തിൽ അലിഞ്ഞ് പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര; വികാരവായ്പോടെ അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം; വിലാപയാത്ര തിരുനക്കരയിൽ എത്തുക അർധരാത്രിയോടെ; ജനനേതാവിന് സ്നേഹം പകുത്ത് നൽകി കേരളം
തിരുവനന്തപുരം: ആൾക്കൂട്ടത്തിൽ അലിഞ്ഞ് ആയിരങ്ങളുടെ ബാഷ്പാഞ്ജലികൾ ഏറ്റുവാങ്ങി ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര. കൊച്ചുകുട്ടികൾ മുതൽ ഏറെ പ്രായമുള്ളവരടക്കം വൻജനപ്രവാഹത്തിനു നടുവിലൂടെയാണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കര പിന്നിടുകയാണ്. വെമ്പായത്തും കിളിമാനൂരിലുമൊക്കെ കണ്ടതിന് സമാനമായി ചടയമംഗലത്തും വാളകത്തും ആയൂരും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. വിലാപയാത്ര കൊട്ടാരക്കരയിലെത്തിയപ്പോൾ നഗരത്തിൽ തിങ്ങിനിറഞ്ഞ ജനസാഗരം കാത്തുനിൽപ്പുണ്ടായിരുന്നു.
ജനസാഗരത്തിന് ഇടയിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര മുന്നോട്ടു പോയത്. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നിൽക്കുന്നത്. ആയൂരിൽ കനത്ത മഴയത്തും ജനം തിങ്ങിനിറഞ്ഞ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കൈക്കുഞ്ഞുമായി അമ്മമാർ, ജോലി പകുതിക്ക് ഉപേക്ഷിച്ച് ഇറങ്ങിയ കശുവണ്ടി തൊഴിലാളികൾ അങ്ങനെ സാധാരണക്കാരായ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ വഴിയോരത്ത് കാത്ത് നിന്നത്.
എക്കാലവും ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വികാരനിർഭര യാത്രാമൊഴിയാണ് ജനങ്ങൾ നൽകുന്നത്. പുതുപ്പള്ളിയിലേക്കുള്ള വാഹനവ്യൂഹം കൊല്ലം ജില്ലയിൽ പ്രവേശിച്ചപ്പോൾ വികാരനിർഭരമായ ദൃശ്യങ്ങളാണ് കണ്ടത്. റോഡിനിരുപുറവും മഴയെപ്പോലും അവഗണിച്ച് പുലർച്ചെ മുതൽ കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങി വിലാപയാത്ര കോട്ടയത്ത് എത്താൻ രാത്രിയാകും. 'ഗർഭിണിയാണ്, നാളെ ഡേറ്റാണ്', എന്നിട്ടും അദ്ദേഹത്തെ അവസാനമായി കാണാൻ വന്നതാണെന്നായിരുന്നു ചടയമംഗലത്ത് കാത്ത് നിന്ന യുവതി പറഞ്ഞത്. ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ നല്ല പ്രവർത്തികൾ മനസിലേറ്റിയാണ് അദ്ദേഹത്തെ കാണാൻ എത്തിയതെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള പ്രിയനേതാവിന്റെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകൾ വൈകി നീങ്ങുകയാണ്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. ജനത്തിരക്കു കാരണം 53.കി.മീ. പിന്നിടാൻ ഒൻപതുമണിക്കൂറാണ് എടുത്തത്. കണ്ണീരോടെയും മുദ്രാവാക്യം വിളികളോടെയും തങ്ങളുടെ നേതാവിനു വിട ചൊല്ലുകയാണു പ്രവർത്തകരും ജനങ്ങളും. പിന്നിടുന്ന വഴിയോരങ്ങളിൽ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിൽക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.
ബുധനാഴ്ച വൈകീട്ട് കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഡി.സി.സി. ഓഫീസിൽ നിന്ന് തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കാനും ഇവിടെ വിപുലമായ പൊതുദർശനത്തിനു വെക്കാനും തീരുമാനിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതുതായ പണികഴിപ്പിക്കുന്ന വീട്ടുവളപ്പിലും പൊതുദർശനമുണ്ടാകുമെന്നും നിശ്ചയിച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സമയക്രമം പാലിക്കാൻ സാധിക്കില്ലെന്നാണ് സൂചന.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വിലാപയാത്ര കടന്നുപോകുന്ന എം.സി. റോഡിൽ ഗതാഗതനിയന്ത്രണമുണ്ട്. കോട്ടയം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗതാഗതനിയന്ത്രണമുണ്ട്. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നുണ്ട്. രാഹുൽഗാന്ധി വരുന്നത് പരിഗണിച്ച് കൂടുതൽ സുരക്ഷയൊരുക്കാനും സാധ്യതയുണ്ട്.
വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന ആബാലവൃദ്ധം ജനങ്ങൾ പെരുമഴ പോലും വകവയ്ക്കാതെ പൂക്കൾ അർപ്പിച്ചും കൈകൾ കൂപ്പിയും സ്മരണാഞ്ജലികൾ അർപ്പിച്ചു. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനിൽക്കുന്ന വൻ ജനാവലിക്കു നടുവിലൂടെ എത്താൻ അർധരാത്രിയാകും. തുടർന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തും. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്‌കാരം. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സർക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്താനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.
1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനം. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്.
ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്‌നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്‌റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.