- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളോട് നേരിട്ട് സംസാരിച്ച മനുഷ്യരിൽ ഒരാൾ; എവിടെയുണ്ടെന്ന് അറിഞ്ഞാലും പൊടുന്നനെ രൂപപ്പെടുന്ന ആൾക്കൂട്ടം; ആരോടും ദേഷ്യപ്പെടാത്ത സൗമ്യൻ; പകയും പ്രതികാരവും മാറ്റിവെച്ച വ്യക്തിത്വം; വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവിന് ഇനി നിത്യവിശ്രമം
തിരുവനന്തപുരം: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളോട് നേരിട്ട് സംസാരിച്ച മനുഷ്യരിൽ ഒരാൾ ഒരുപക്ഷേ ഈ മനുഷ്യൻ ആയിരിക്കും. മാതാ അമൃതാന്ദമയി കഴിഞ്ഞാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കെട്ടിപ്പിടച്ച വ്യക്തിയും! അത്രമേൽ സ്നേഹിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിന്റെത്.
എന്നും എപ്പോഴും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജീവിതം. സകാര്യത എന്നത് അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. വീട്ടിലും, പാർട്ടി ഓഫീസിലും, നിയമസഭയിലും, യാത്രയിലുമൊക്കെ ഒരു വലിയ ആൾക്കൂട്ടം ഒപ്പമുണ്ടാവും. കോവിഡ് കാലത്തുമാത്രമാണ് അതിന് മാറ്റമുണ്ടായത്. പക്ഷേ ആ സമയത്തും അദ്ദേഹം ആളുകളെ സഹായിക്കാനായി ടെലിഫോണിൽ അവലൈബിൾ ആയിരുന്നു.
ഡോക്ടർമാരുടെ ഒ പി പോലെ, ഉമ്മൻ ചാണ്ടി എവിടെയുണ്ടെന്ന് അറിഞ്ഞാലും അതിന് മുന്നിൽ പൊടുന്നനെ ഒരു ആൾക്കൂട്ടം രൂപപ്പെടും. എപ്പോഴും ആളുകളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നു. ഒരാളോടും കടക്ക് പുറത്ത് പറഞ്ഞില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്റെ കസേരയിൽ വന്നിരുന്നു ഒരു മാനസിക നില തെറ്റിയ വ്യക്തിയോടുംപോലും ഉമ്മൻ ചാണ്ടി ക്ഷമിക്കയാണ് ചെയ്ത. ഇന്നാണെങ്കിലുള്ള അവസ്ഥ ഓർത്തുനോക്കുക. അതുപോലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഓർമ്മശക്തിയും. മഞ്ചേശ്വരം മുതൽ പാറ്റശ്ശാലവരെയുള്ള ഓരോ വാർഡിലെയും കോൺഗ്രസിന്റെ പ്രധാന പ്രവർത്തകരുടെ പേര് അദ്ദേഹത്തിന് മന:പാഠമായിരുന്നു. തന്റെ മുന്നിലെത്തുന്ന ഓരോ കേസുകളും, അതാത് പ്രദേശത്തെ പ്രാദേശിക നേതാക്കൾക്ക് ഉമ്മൻ ചാണ്ടി തിരിച്ചുവിടുന്നത് കാണേണ്ട കാഴ്ചയായിരുന്നു. വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഇനി അദ്ദേഹം അൽപ്പം വിശ്രമിക്കട്ടെ.
പടിപടിയായ ഉയർന്ന നേതാവ്
കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പിടിപടിയായി ഉയർന്ന് കേരളാമുഖ്യമന്ത്രിവരെ എത്തിയ പേരാട്ട ചരിത്രമാണ് ഉമ്മൻ ചാണ്ടിയുടേത്. ഒരു ഗോഡ്ഫാദറുമില്ലാതെ തശരിക്കും ഗ്രാസ് റൂട്ടിൽ പ്രവർത്തിച്ച് വളർന്ന വ്യക്തി. ഇത്രയും കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തിൽ വേറെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്ന് രണ്ട് തവണ കേരളത്തിൽ ജനപ്രിയ ഭരണം നടത്തിയ മുഖ്യമന്ത്രിയായിട്ടും എറ്റവും എളിയ ജീവിതമാണ് ഉമ്മൻ ചാണ്ടി നയിച്ചിരുന്നത്.
അന്തരിച്ച് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇങ്ങനെ എഴുതി ''ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഓടിവരുന്നത് കോഴിക്കോട് ഡി.സി.സി ഓഫീസിലെ വരാന്തയിൽ പായവിരിച്ചുറങ്ങുന്ന മുഖമാണ്. ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ കോഴിക്കോട് ഡി.സി.സ,ി ജനറൽ സെക്രട്ടറിയാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. അക്കാലത്ത് ഞാൻ ഡി.സി.സി ഓഫീസിൽ തന്നെയാണ് താമസം. പുലർച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മൻ ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാൽ എല്ലാവരും കൂർക്കം വലിച്ചുറങ്ങുകയായിരിക്കും. ഞാൻ ഓഫീസ് മുറിയിലും ജീവനക്കാർ വരാന്തയിൽ പായവിരിച്ചുമാണ് ഉറങ്ങുക.
ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മൻ ചാണ്ടിയും വരാന്തയിൽ കിടന്നുറങ്ങും. ഞാൻ രാവിലെ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മൻ ചാണ്ടി വരാന്തയിൽ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതിൽ പരിഭവം പറഞ്ഞ ഞാൻ ഇനി വരുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ താമസിക്കാൻ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് വിളിക്കാതിരുന്നത് എന്ന് ചിരിച്ചൊഴിയുകയായിരുന്നു. കോഴിക്കോട്ട് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണയും ഉമ്മൻ ചാണ്ടി സംസ്ഥാന പ്രസിഡന്റായി. അന്ന് ഏഷ്യയിലെ തന്നെ വലിയ വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു കെ.എസ്.യു. പഴയ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്തെ എളിയ ജീവിതം തന്നെയാണ് മുഖ്യമന്ത്രിയായപ്പോഴും ഇപ്പോഴും ഉമ്മൻ ചാണ്ടി തുടരുന്നത്. എവിടെപ്പോയാലും ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ഉമ്മൻ ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ടാണ് പരിഹാരം കാണുക.'' :ആര്യാടൻ ഓർക്കുന്നു.
''ഒരാളോടുപോലും ഉമ്മൻ ചാണ്ടി ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട് എന്നാൽ ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ ഉമ്മൻ ചാണ്ടി പറയാറുള്ളൂ. കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ ഒരു മറുപടിയില്ല.''- ആര്യാടന്റെ ചൂണ്ടിക്കാട്ടുന്നു.
യൂണിറ്റ് പ്രസിഡന്റിൽനിന്ന് മുഖ്യമന്ത്രിയിലേക്ക്
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു കൊച്ചു ഉമ്മൻ. അവിടെ നിന്ന് തുടങ്ങിയ രാഷ്ട്രീയ യാത്രയാണ്.
ഒരണ സമരത്തിലൂടെ ഉമ്മൻ ചാണ്ടിയും ശ്രദ്ധേയനായ നേതാവായി. 70കൾ ആയപ്പോഴേക്കും കാന്തംപോലെ ജനങ്ങളെ ആകർഷിക്കുന്ന നേതാവായി അദ്ദേഹം മാറി.
70ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർത്ഥിയായി. അരനുറ്റാണ്ടുകാലത്തേക്കുള്ള ഒരു കുത്തകയുടെ തുടക്കമായിരുന്നു അതെന്ന് ആരും അന്ന് അറിഞ്ഞില്ല. താൻ ജയിക്കുമെന്ന് ഉറച്ച വിശ്വാസം തനിക്കും ഇല്ലായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞത്.
1977ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. പിന്നീടുള്ള രാഷ്ട്രീയ ചരിത്രം ഏവർക്കും അറിയാം. ചാരക്കഥയും, എ-എ ഗ്രൂപ്പ്പോരും, മുഖ്യമന്ത്രിസ്ഥാനവും, സോളർ കേസുമൊക്കെയായി സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം.
ഇടക്കാലത്ത് ആന്ധ്രയിൽ ഹൈക്കമാൻഡ് പ്രതിനിധിയായി പോയപ്പോഴും അദ്ദേഹം അവിടുത്തെ പാർട്ടിപ്രവർത്തകരുടെ മനം കവർന്നു. തകർന്നുപോയ പാർട്ടിയെ അദ്ദേഹം ആന്ധയിൽ പുനരുജ്ജീവിപ്പിച്ചു. കേരളത്തിലേതുപോലെ ആന്ധ്രയിലും ഉമ്മൻ ചാണ്ടി ജനകീയനായി. മലയാളികൾ മാത്രമല്ല, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിക്കൊപ്പം കൂടും. അതൊരു വലിയ ആൾക്കൂട്ടമായി മാറുകയും ചെയ്യും.ആന്ധ്രാ പി.സി.സി അദ്ധ്യക്ഷൻ സാകേ സൈലജ നാഥ് ഇങ്ങനെ പറയുന്നു.
'ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മനുഷ്യനും നേതാവുമാണ് ഉമ്മൻ ചാണ്ടി. മനുഷ്യരോട് ഇത്രയും അടുത്ത് ഇടപഴകുന്ന ഒരു നേതാവിനെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നേതാക്കളോട് ഇടപഴകുന്ന ശൈലിയേയും നോക്കി നിന്നിട്ടുള്ളത്. സംഘടന തലത്തിലായാലും ജനങ്ങളുടെ പ്രശ്‌നങ്ങളായാലും അത് എന്താണെന്നും അവ എങ്ങനെ പരിഹരിക്കണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. ബൈക്കിന് പിന്നിലിരുന്ന് യാത്രകഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉമ്മൻ ചാണ്ടി ആന്ധ്രയിൽ എത്തുന്നത്. എന്നാൽ, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരുമായി അദ്ദേഹം വളരെ പെട്ടെന്ന് ഇഴുകി ചേർന്നു. പ്രവർത്തകരുമായി അടുപ്പം ഉണ്ടാകുന്നതിന് ഭാഷ ഒരു തടസമായിരുന്നില്ല. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന ഹൈക്കമാൻഡ് പ്രതിനിധി ഞങ്ങൾക്ക് അത്ഭുതമായിരുന്നു.'' സൈലജ നാഥ് ഇങ്ങനെ എഴുതിയത് തന്നെയാണ് ഉമ്മൻ ചാണ്ടിക്കുള്ള എറ്റവും വലിയ അംഗീകാരവും.
ആരോടും പകയും പ്രതികാരവുമില്ല
വീട്ടിൽ ഒന്നിനും സമയമില്ലാത്ത ഗൃഹനാഥനായിരുന്നു ഉമ്മൻ ചാണ്ടി. പക്ഷേ കുടുംബത്തിനും അത് നന്നായിട്ട് അറിയാം. വനിതക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഇങ്ങനെ പറയുന്നു.'കുഞ്ഞിനെ (അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്) സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അനിഷ്ടമുള്ളതും ഒരൊറ്റ കാര്യത്തിലാണ് ആ പാവത്തം. അത് അമ്മയിൽ നിന്നു കിട്ടിയ സ്വഭാവമാണ്. പറ്റില്ല, ചെയ്യില്ല എന്ന് അറത്തു മുറിച്ചു പറയേണ്ടിടത്ത് കുഞ്ഞ് അതു ചെയ്യില്ല. കുഞ്ഞിനെക്കൊണ്ടതിനു കഴിയില്ല. അതൊരു കുഴപ്പമാണ്. ഒരു മനുഷ്യരിലും കാണാത്തൊരു താഴ്മയും ക്ഷമയും സഹനവുമാണ്. എല്ലാം 'പോട്ടെ, പോട്ടെ' എന്നു വയ്ക്കും. വീട്ടുകാര്യങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെടാത്ത, കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സാവകാശമില്ലാത്ത, ഒരിക്കൽ പോലും ഷോപ്പിങ്ങിനു കൂട്ടുവരാത്ത ഒരാളുമായുള്ള 43 വർഷം പിന്നിടുന്ന ദാമ്പത്യത്തെ നിറവോടെ ഉറപ്പിച്ചു നിർത്തുന്നതിലും ആ 'പാവത്തം' സ്വഭാവത്തിനു വലിയ പങ്കുണ്ട്.
അധികാരം കാണിക്കില്ല, വഴക്കിടില്ല, ആക്ഷേപിക്കില്ല. ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഒരിഷ്ടത്തിനും എതിരല്ല. സർവസ്വാതന്ത്യം. ഭക്ഷണത്തിലുൾപ്പെടെ ഒരു നിർബന്ധവുമില്ല, പരാതിയുമില്ല. മേശപ്പുറത്തു വച്ച പഴത്തിൽ ഒരെണ്ണം ചീത്തയായാൽ അതാവും കുഞ്ഞ് എടുത്തു കഴിക്കുക. നല്ലൊരു സാരിയുടുത്താൽ, നന്നായൊന്ന് അണിഞ്ഞൊരുങ്ങിയാൽ പ്രശംസിക്കാത്ത ഭർത്താവ് അരസികനാണെന്നു പൊതുവേ ഭാര്യമാർക്കു തോന്നാം. എനിക്കതു തോന്നാത്തത്, ഇതൊന്നും കുഞ്ഞിന്റെ ഉള്ളിൽ തട്ടുന്ന കാര്യങ്ങളല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. മനസ്സ് നിറയെ നാട്ടുകാരും അവരുടെ പ്രശ്നങ്ങളുമാണ്.'- അവർ പറയുന്നു. മക്കൾ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും പറയാനുള്ളതും ഇതേ അഭിപ്രായമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ സ്വാഭാവത്തിലെ ഏറ്റവം വലിയ സവിശേഷത ആരോടും പകയും പ്രതികാരവും ഇല്ല എന്നതായിരുന്നു. തന്നെ സോളാർ കേസിൽ കുരുക്കിയവരോട് പോലും അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിയും. ആനപ്പക സൂക്ഷിക്കുന്ന ആധുനിക രാഷ്ട്രീയക്കാർക്കിടയിൽ എല്ലാം ക്ഷമിക്കയും പൊറുക്കയും ചെയ്യുന്ന ഉമ്മൻ ചാണ്ടി എന്നും വേറിട്ട് നിൽക്കും.