തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

അദ്ദേഹം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ശില്പികളിൽ പ്രമുഖനാണ്. സർക്കാരിന്റെ എസ്.എസ്.എൽ.സി. ബോർഡംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1979-ൽ വിരമിച്ചു. 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി കൂടിയാണ്.

ഒന്നാം ഇഎംഎസ് സർക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി താൻ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്‌കൂൾ എഴുതിക്കൊടുത്തത് പി ചിത്രൻ നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട ചരിത്രമാണ്. 1979-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം തൃശൂർ ചെമ്പൂക്കാവിലെ മുക്ത വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.

മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ ഒരു ഇല്ലത്ത് 1920 ജനുവരി ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൊന്നാനി താലൂക്കിലെ പകരാവൂർ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു.പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്പീക്കറുമായി. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തിൽ ഭാരവാഹിയായി.

അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിലാണ് ഐ.പി.സി.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ജന്മനാടായ മൂക്കുതലയിൽ പന്തിഭോജനം പദ്ധതിയിട്ടിരുന്നത്. ആദ്യഘട്ടത്തിൽ ആരും വരാൻ തയ്യാറായില്ല. നാട്ടിലെ സവർണർ പോലും ഭയന്ന് പിൻവാങ്ങിയ പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

മദ്രാസ് സർവകലാശാലയിൽനിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്ട് സുകുമാർ അഴീക്കോടിന്റെ സഹപാഠിയായി അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി. ഹ്രസ്വമായ കോളജ് അദ്ധ്യാപനത്തിനു ശേഷമാണ് തന്റെ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവു പകരാൻ മൂക്കുതലയിൽ സ്‌കൂൾ സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്തത്. പുണ്യഹിമാലയം (യാത്രാവിവരണം), സ്മരണകളിലെ പൂമുഖം (ആത്മകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ലീല, മക്കൾ: പാർവതി, കൃഷ്ണൻ, ബ്രഹ്‌മദത്തൻ, ഉഷ, ഗൗരി.