കണ്ണൂർ: കുടുംബത്തിന് വേണ്ടി പാർട്ടിയെ വിൽക്കുന്ന നേതാക്കളാണ് സമകാലിക കേരള രാഷ്ട്രീയത്തിലെ താരങ്ങൾ. എന്നാൽ പാർട്ടിക്ക് വേണ്ടി കുടുംബ വീടുവിട്ട പുതുതലമുറ നേതാവുണ്ടായിരുന്നു കേരളത്തിൽ. അതായിരുന്നു എംഎൽഎയും എംപിയുമാകാതെ വിടവാങ്ങുന്ന സതീശൻ പാച്ചേനി കേരളത്തിലെ കോൺഗ്രസിന് തന്നെ തീരാ തല വേദനയായ കണ്ണൂർ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാക്കിയത് സതീശൻ പാച്ചേനിയായിരുന്നു. സ്ഥാനമൊഴിയും മുമ്പ് ആ കെട്ടിടം പാച്ചേനി യാഥാർത്ഥ്യമാക്കി.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്. പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ കണ്ണൂരിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോൺഗ്രസ് പ്രവർത്തകന്റെ ശബ്ദമായി മാറിയ നേതാവായിരുന്നു പാച്ചേനി.

സതീശൻ പാച്ചേനിയുടെ സംഘടനാ മികവിന്റെയും ആത്മ സമർപ്പണത്തിന്റെയും മികവായാണ് കണ്ണൂരിലെ മൂന്ന് നിലയുള്ള ജില്ലാ കോൺ ഗ്രസ് ആസ്ഥാന മന്ദിരം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തളിപറമ്പിലുള്ള സ്വന്തം തറവാട് വീട് വിറ്റു കിട്ടിയ പണമടക്കം പാച്ചേനി ഡി.സി സി ഓഫിസ് നിർമ്മാണത്തിന് ചെലവഴിച്ചത് അണികളിൽ ആവേശമുയർത്തിയിരുന്നു. പാച്ചേനി ഡി.സി സി പ്രസിഡന്റായ കാലം കോൺഗ്രസിന് ഇല്ലായ്മകളുടെ ഒരു കാലം കൂടിയായിരുന്നു.

വാടക കെട്ടിടങ്ങളിൽ മാറി മാറിയാണ് ഡി.സി സി ഓഫിസ് പ്രവർത്തിച്ചിരുന്നത് വിപുലമായി യോഗം വിളിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് അത്യാധുനിക സൗകര്യമുള്ള കൂറ്റൻ കെട്ടിടത്തിലേക്ക് ഡി.സി.സി ഓഫിസ് മാറുന്നത്. ഇതിന് വേണ്ടി കുടുംബം പോലും നേതാവ് വിറ്റു. സ്വാതന്ത്ര സമര കാലത്തും അതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടും ഇതുപോലുള്ള കോൺഗ്രസ് നേതാക്കൾ ഏറെ രാജ്യത്തുണ്ടായിരുന്നു. പിന്നീട് കാലം മാറി. പാർട്ടിയെ വിറ്റ് നേതാക്കൾ കുടുംബം വളർത്തി. പക്ഷേ വ്യത്യസ്തതയുടെ വഴിയിൽ പാച്ചേനി യാത്ര തുടർന്നു. കുടുംബം വിറ്റ് പാർട്ടിക്ക് ആസ്ഥാനമുണ്ടാക്കിയ പാച്ചേനിയേയും വിവാദത്തിലാക്കാൻ കൊതിച്ചവരുണ്ട്. അവരെ ചെറു പുഞ്ചിരി മറുപടിയിൽ തളച്ച നേതാവാണ് പാച്ചേനി.

പുതിയ ഡി.സി.സി അധ്യക്ഷൻ ചുമതലയേൽക്കുന്നതിന് മുൻപെ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് സതീശൻ പാച്ചേനി പറഞ്ഞിരുന്നു. അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ അടിത്തറയും താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ട്രെക്ച്ചറും പൂർത്തീകരിച്ചിരുന്നു. 6500 ചതുരശ്രയടി വിസ്തീർണത്തിൻ മുന്ന് നിലകളിൽ രണ്ടു നിലകളുടെ പ്രവൃത്തി മുടങ്ങി. ഇതാണ് പാച്ചേനി യാഥാർത്ഥ്യമാക്കിയത്. ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത്.

എഴുപതുകളുടെ അവസാനം എ.കെ ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ സതീശൻ ഉണ്ടായിരുന്നു. കേരളത്തിൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയി. പിന്നീട് ഈ സമരത്തിന് മുന്നിൽ സർക്കാർ തോറ്റു.

അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് കെ.എസ്.യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തി. സതീശൻ പാച്ചേനിയുടെ നിരാഹാരസമരത്തിന്റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസ നാടാർ കെഎസ്‌യു നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയും പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ചാർജ്ജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി കെ.എസ്.യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി.

മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് സ്‌കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത നിരവധി വകുപ്പുകൾ ചുമത്തി നിരന്തരം ജയിലിൽ അടച്ചാണ് സതീശനെയും സഹപ്രവർത്തകരെയും ഇടത് സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തി കെഎസ്‌യു നടത്തിയ പ്രതിഷേധവും ചരിത്രസംഭവമായി. 96 കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം.

2001 പാർട്ടി നേതൃത്വം സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപ്പിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്.യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വി എസ് ഒരുവിധം ജയിച്ചു കയറിയത്. 2006 ൽ താരമൂല്യത്തിന്റെ പാരമ്യത്തിൽ വി എസ് എത്തി നില്ക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോകസഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർട്ടി പരിഗണിച്ചപ്പോൾ നേരിയ 1820 വോട്ടിന് പിറകിൽ പോയി.

തുടർന്ന് 5 വർഷത്തിന് ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എംപി.വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത് എന്നത് പാച്ചേനിയുടെ പോരാട്ടവീര്യത്തിന്റെ മാറ്റ് കൂടുതൽ പ്രകടമായി പാർട്ടിക്കും ജനങ്ങൾക്കും മനസ്സിലായി. 2016 ലും, 2021 ലെയും നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് സതീശൻ പാച്ചേനി കണ്ണൂരിൽ നിന്ന് പരാജയപ്പെട്ടത്. 2001 മുതൽ 2012 വരെ കെപിസിസി സെക്രട്ടറി ആയിരുന്നു സതീശൻ പാച്ചേനി. കെപിസിസി ജനറൽ സെക്രട്ടറിയായ വേളയിൽ കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസിന് കരുത്തേകാൻ പാച്ചേനി വിശ്രമരഹിതമായ പടയോട്ടത്തിലായിരുന്നു.

2016 ഡിസംബർ 17 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി ചുമതല കണ്ണൂരിൽ ഏല്പിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സമ്മാനിച്ചാണ് നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശ നിഷ്ടയുള്ള പാച്ചേനി ശ്രദ്ധേയനായത്.