- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങൽ സ്കൂളിലെ സ്വന്തം അദ്ധ്യാപകനെ തളിപ്പറമ്പിൽ നേരിട്ട പയ്യൻ; മരാരിക്കുളം ഭയത്തിൽ മലമ്പുഴയെന്ന കമ്യൂണിസ്റ്റ് കോട്ടയിലെത്തിയ വിഎസിനെ വിറപ്പിച്ച വിദ്യാർത്ഥി നേതാവ്; ലോക്സഭയിലേക്ക് പാർട്ടിക്കോട്ടയിൽ എംബി രാജേഷ് കടന്നുകൂടിയത് വെറും 1820 വോട്ടിന്; കടന്നപ്പള്ളിയിലെ കോൺഗ്രസ് മനസ്സ് കണ്ണൂരിലും തോൽവിയായി; ഇത് തോറ്റിട്ടും ജയിച്ച പാച്ചേനിയുടെ കഥ
കണ്ണൂർ: ജയിച്ചില്ലെങ്കിലും ജനമനസ്സുകളിലായിരുന്നു സതീശൻ പാച്ചേനിയുടെ സ്ഥാനം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് സതീശൻ പാച്ചേനി കെ എസ് യു പ്രസിഡണ്ടായ കാലത്താണ്. സംഘാടനാ പ്രവർത്തന മികവിൽ കെ എസ് യുവിനെ ഉന്നതങ്ങളിൽ എത്തിച്ച നേതാവ്. കണ്ണൂർ ഡിസിസി അധ്യക്ഷനായും തിളങ്ങി. പക്ഷേ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വിജയമികവില്ലാതെയാണ് പാച്ചേനിയുടെ മടക്കം.
96 കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം. ഇരിങ്ങൽ സ്‌കൂളിൽ സ്വന്തം അദ്ധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെതിരായ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുള്ള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. അതിന് ശേഷവും മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു.
2001 പാർട്ടി നേതൃത്വം സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപ്പിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്.യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വി എസ് ഒരുവിധം ജയിച്ചു കയറിയത്. മാരാരിക്കുളത്തെ തോൽവിയുടെ ഷോക്കിൽ നിന്നാണ് സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ മലമ്പുഴയിൽ മത്സരിക്കാൻ വി എസ് അന്നെത്തിയത്.
2006 ൽ താരമൂല്യത്തിന്റെ പാരമ്യത്തിൽ വി എസ് എത്തി നില്ക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോകസഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർട്ടി പരിഗണിച്ചപ്പോൾ നേരിയ 1820 വോട്ടിന് പിറകിൽ പോയി. അന്ന് എംബി രാജേഷ് കഷ്ടിച്ചാണ് പാർലമെന്റിലെത്തിയത്. തുടർന്ന് 5 വർഷത്തിന് ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എംപി.വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത്. 2016 ലും, 2021 ലെയും നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് സതീശൻ പാച്ചേനി കണ്ണൂരിൽ നിന്ന് പരാജയപ്പെട്ടത്. അതും പഴയ കോൺഗ്രസുകാരനായ കടന്നപ്പള്ളിയോട്.
കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പാച്ചേനി സജീവമായത്. സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി. കണ്ണൂർ ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും കോൺഗ്രസി?ന്റെ നേതൃത്വത്തിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും കർഷക തൊഴിലാളിയുമായ പരേതരായ പാലക്കീൽ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനിയുടെ ജനനം.
1979ൽ പരിയാരം ഗവ. ഹൈസ്‌ക്കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ച് അതി?ന്റെ പ്രസിഡന്റായാണ്? രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. 1986ൽ കെ.എസ്.യു. കണ്ണൂർ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വർഷം ജില്ല വൈസ് പ്രസിഡന്റുമായി. 1989-1993 കാലയളവിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം. തുടർന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി. 1999ൽ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായും നിയമിക്കപ്പെട്ടു. 2001 മുതൽ തുടർച്ചയായ 11 വർഷക്കാലം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു. 2016 മുതൽ അഞ്ച് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു.
കണ്ണൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സതീശൻ പാച്ചേനി ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയുടെ ശക്തനായ നേതാവായി ഉയർന്നുവന്നത്. സത്യസന്ധതയും ആത്മാർത്ഥതയും ആയിരുന്നു കൈമുതൽ. പ്രവർത്തകരുടെ സ്‌നേഹവും ആദരവുമാർജ്ജിച്ച സതീശൻ പാച്ചേനി കണ്ണൂരിൽ അഭിമാനാർഹമായ നിലയിൽ പാർട്ടി ജില്ലാ ആസ്ഥാനമന്ദിരവും പടുത്തുയർത്തിയിട്ടാണ് സ്ഥാനമൊഴിഞ്ഞത്.