- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഖ്യാത ഗായകൻ പങ്കജ് ഉദാസ് വിട വാങ്ങി
മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. മകൾ നയാബ് ഉദാസാണ് മരണവിവരം സ്ഥിരീകരിച്ചത്. ബ്രീച്ച് കാൻഡി ആശുപത്രിയിൽ രാവിലെ 11 മണിയോടെ ആയിരുന്നു അന്ത്യം. ചിട്ടി ആയി ഹേ പോലെ ഒരുകാലത്ത് സഹൃദയരുടെ മനസ്സിനെ കീഴടക്കിയ നിരവധി ഗസലുകൾ സമ്മാനിച്ച ഗായകനാണ് പങ്കജ് ഉദാസ്. 2006 ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ബോളിവുഡിലും തന്റേതായ പാത വെട്ടിത്തുറന്ന ഗസൽ ഗായകനാണ് പങ്കജ് ഉദാസ്. 1980 ൽ പുറത്തിറങ്ങിയ ആഹത് എന്ന ഗസൽ ആൽബത്തിലൂടെയാണ് പേരുകേട്ടത്. മുകാരാർ, താരാന്നും, മെഹ്ഫിൽ, ഹിറ്റുകൾ പിന്നാലെ വന്നു. 1986 ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ഗൃഹാതുരസ്മരണ ഉണർത്തുന്ന ചിട്ടി ആയി ഹേ യിലൂടെ അദ്ദേഹം ബോളിവുഡിൽ ചുവടുറപ്പിച്ചു.
1990 ൽ ഘയാൽ എന്ന ചിത്രത്തിൽ ലത മങ്കേഷ്ക്കർക്കൊപ്പം പാടിയ യുഗ്മഗാമം വലിയ ഹിറ്റായി. 1994 ൽ മോഹ്റ എന്ന ചിത്രത്തിന് വേണ്ടി സാധന സർഗത്തിനൊപ്പം നാ കജ്രെ കി ധർ എന്ന ഗാനവും ജനപ്രിയമായി. സാജൻ, യേ ഡില്ലഗി, നാം, ഫിർ തേരി കഹാനി യാദ് ആയേ എന്നീ ചിത്രങ്ങളിലും പിന്നണി ഗായകൻ എന്ന നിലയിൽ തിളങ്ങി.
ഗുജറാത്തിലെ ചർഖ്ഡി ഗ്രാമത്തിൽ ജനിച്ചുവളർന്ന പങ്കജ് ഉദാസ് മൂത്ത സഹോദരൻ മൻഹർ ഉദാസിന്റെ പാത പിന്തുടർന്നാണ് ബോളിവുഡിലെത്തിയത്. കല്ല്യാൺജി ആനന്ദ്ജിമാരുടെ സഹായിയായിരുന്നു മൻഹർ. മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മൻഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും ആശിച്ച പോലെ പ്രശസ്തനായില്ല. പങ്കജ് ഉധാസാകട്ടെ പിന്നണി ഗാന രംഗത്ത് കൈവച്ചെങ്കിലും, എപ്പോഴും കൂടെ കൊണ്ടുനടന്നത് ഗസൽ തന്നെ. ഏക് ഹി മഖ്സദ്( 1988) ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനത്തോടെ പങ്കജ് ഉദാസ്് പ്രശസ്തിയിലേക്കുയർന്നു.
ചുപ്കെ ചുപ്കെ, യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്ക ഗർ, ക്യാ മുജ്സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂൻഗാത്, പീനെ വാലോ സുനോ, റിഷ്തെ ടൂതെ, ആൻസു തുടങ്ങിയവ ഇന്നും ഗസൽ പ്രേമികൾ നെഞ്ചോടുചേർക്കുന്നവയാണ്.