- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ട കൺമണികൾ; പതിവായി പാലം നടന്ന് കടന്നിരുന്ന മക്കൾ വാശിപിടിച്ച് വണ്ടിയിൽ കയറി; അമ്മ ഡ്രൈവിങ് പഠിച്ചതും ആക്ടീവ വാങ്ങിയതും മക്കളുടെ സ്‌ക്കൂൾ യാത്രയ്ക്ക്; തിരുവോണരാത്രി ദുബായിലേക്ക് മടങ്ങിയ അച്ഛൻ തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരം കാണാൻ; പവിന്റെ വിയോഗം പാറശാല മാറാടിയിൽ വേദനയാകുമ്പോൾ
തിരുവനന്തപുരം : അമ്മയ്ക്കൊപ്പം സഞ്ചരിക്കവേ ആക്ടീവ കനാലിലേക്ക് മറിഞ്ഞ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ച സംഭവത്തിൽ നാടൊന്നാകെ വിങ്ങിപ്പൊട്ടന്നു. പാറശാല ചാരോട്ടുകോണം മാറാടി ചെമ്മൺകാലവീട്ടിൽ സുനിൽ,മഞ്ജു ദമ്പതികളുടെ മകൻ അഞ്ചുയസുള്ള പവിൻ സുനിലാണ് മരിച്ചത്. അമ്മ മഞ്ജുവിനും സഹോദരൻ നിവിൻ സുനിലിനും പരിക്കേറ്റു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഇരുവരെയും സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ വീടിന് മുന്നിലുള്ള കൈവരിയില്ലാത്ത ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സ്‌കൂട്ടറിനടിയിൽപ്പെട്ട് തല പൊട്ടിയ പവിനെയും മറ്റുള്ളവരെയും ഉടൻ പാറശാല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പവിന്റെ മരണം സംഭവിച്ചിരുന്നു. . വീടിന് ഒരു കിലോ മീറ്റർ അകലെയുള്ള അമ്പിലിക്കോണം എൽ.എം.എസ് എൽ.പി.എസിൽ യു.കെ.ജി വിദ്യാർത്ഥികളാണ് ഇരുവരും.
മക്കളെ മുന്നിലും പിന്നിലുമിരുത്തി വീടിന്റെ ഗേറ്റ് കടന്നു പാലത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണം തെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീണത്. ഇവരുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് മൂവരെയും കരയ്ക്ക് കയറ്റി ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ നിവിൻ സുനിലിന്റെ വലതു കൈക്ക് പൊട്ടലുണ്ട്. മഞ്ജുവിന് കാര്യമായ പരിക്കുകളില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം പാറശാല ആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
പതിവായി മഞ്ജുവിനൊപ്പം സ്‌കൂട്ടറിലായിരുന്നു ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നത്. എന്നും ഇരുവരും നടന്ന് പാലം മുറിച്ച് കടന്ന ടാറിട്ട റോഡിലെത്തിയതിന് ശേഷമായിരുന്നു സ്‌കൂട്ടറിൽ കയറിയിരുന്നത്. എന്നാൽ, ഇന്നലെ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി മഞ്ജു അവരെ സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു. വെള്ളറ സ്വദേശി മഞ്ജുവിന്റെയും സുനിലിന്റെയും വിവാഹം കഴിഞ്ഞ് നാലുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരട്ട കുട്ടികൾ പിറന്നത്. മക്കളുടെ സ്‌കൂൾ യാത്രക്കായാണ് മഞ്ജു ഡ്രൈവിങ് പഠിച്ചതും വാഹനം വാങ്ങിയതും. നിർമ്മാണ തൊഴിലാളിയായ സുനിൽ രണ്ടുവർഷത്തിലേറയായി ദുബായിലാണ്.
ഒരുമാസത്തെ അവധിക്കെത്തി കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച ശേഷം തിരുവോണ രാത്രിയിലാണ് തിരികെ മടങ്ങിയത്. മകന്റെ മരണവിവരമറിഞ്ഞ് ഇന്ന് രാവിലൈ സുനിൽ എത്തും. നിറയെ കളിപ്പാട്ടങ്ങളും പുത്തനുടുപ്പുകളും സുനിൽ കഴിഞ്ഞവരവിന് മക്കൾക്ക് കൊണ്ടുവന്നിരുന്നു. സ്‌കൂളിൽ നിന്നെത്തുന്ന പവിനും, നിവിനും അമ്മയുടെ സ്‌കൂട്ടറിൽ നിന്നും ഇറങ്ങിയാലുടൻ വീട്ടിലെത്തി യൂണിഫോമോക്കെ മാറി അടുത്തുള്ള ബന്ധു വീടുകളിലെയ്ക്കാണ് പോകുന്നത്.
കളിയൊക്കെ കഴിഞ്ഞാകും തിരികെ വീട്ടിലേക്ക് വരുന്നത്. പവിന്റെ മരണവാർത്തയറിഞ്ഞ് അമ്പിലികോണം എൽ.എം.എസ്.എൽ.പി സ്‌കൂളിൽ അദ്ധ്യാപകരും തളർന്നു പോയി. ക്ലാസ് ടീച്ചർ മിനീഷ പൊട്ടികരയുകയാണ്. നഴ്സറി മുതൽ യു.കെ.ജി വരെയുള്ള കുട്ടികളെ രക്ഷിതാക്കളെ അധികൃതർ വിളിച്ചുവരുത്തി അവരോടൊപ്പം അയച്ചു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്