തിരുവനന്തപുരം: നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിലാണ് മരണം. 86 വയസ്സായിരുന്നു. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വർഷങ്ങൾക്ക് മുൻപ് പണിതീർത്ത വീട്ടിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ പൂജപ്പുര രവി താമസിച്ചിരുന്നത്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാർത്ഥ പേര് രവീന്ദ്രൻ എന്നാണ്. മലയാള സിനിമാ, സീരിയൽ മേഖലകളിൽ സജീവമായിരുന്ന പൂജപ്പുര രവി കുറച്ചു കാലമായി വിശ്രമത്തിലായികുന്നു. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം. അഞ്ചു പതിറ്റാണ്ടുകൊണ്ട് എണ്ണൂറിലേറെ സിനിമകളിൽ അഭിനയിച്ചു.

കലാനിലയം നാടകങ്ങളിലെ സ്ഥിരം നടനായിരുന്നു രവീന്ദ്രൻ നായർ. നാടകസമിതിയിൽ ഇതേ പേരിൽ പലരുണ്ടായിരുന്നു. സമിതി ഉടമ കൃഷ്ണൻ നായർ രവിയെ അന്വേഷിച്ചാൽ ഉദ്ദേശിക്കുന്ന ആളാകില്ല മുന്നിലെത്തുന്നത്. ക്ഷമ നശിക്കുമ്പോൾ 'ആ പൂജപ്പുരക്കാര'നെ വരാൻ പറയൂ എന്ന് അദ്ദേഹം പറയും. അങ്ങനെയാണ് പേരിനൊപ്പം നാടിനെക്കൂടിച്ചേർത്തത്. സിനിമയിലും സീരിയലിലും എത്തിയപ്പോഴും കൃഷ്ണൻ നായർ നൽകിയ പേരിൽ അറിയപ്പെട്ടു. പല തലമുറകൾക്കൊപ്പം സിനിമയിൽ അഭിനയിച്ചു. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കൈയടക്കമുണ്ടായിരുന്നു.

2016-ൽ ഗപ്പി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയിലും സീരിയലിലുമായി പിന്നീട് അവസരങ്ങൾ തേടിയെത്തി. എന്നാൽ തന്റെ അനാരോഗ്യം മറ്റാർക്കും ബുദ്ധിമുട്ടാകരുതെന്ന നിർബന്ധമുള്ളതിനാൽ ഒക്കെയും വേണ്ടെന്നു വെച്ച് പൂജപ്പുര അഭിനയത്തിൽ നിന്നും സ്വയം വിരമിക്കൽ നേടി. നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.