കൊല്ലം: കിടപ്പാടം ജപ്തിയിലായ മിച്ചഭൂമിസമരനേതാവ് പൂജപ്പുര സാംബനെ കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.78 വയസ്സായിരുന്നു.കാർഷിക ഗ്രാമവികസന ബാങ്കിൽനിന്നെടുത്ത വായ്പത്തുകയും പലിശയും ചേർത്ത് 14.36 ലക്ഷം രൂപ മാർച്ച് 22-നുമുമ്പ് തിരിച്ചടച്ചില്ലെങ്കിൽ വീടും അഞ്ചേമുക്കാൽ സെന്റ് ഭൂമിയും ജപ്തി ചെയ്യുമെന്ന സ്ഥിതിയിലായിരുന്നു.കൊല്ലം ബൈപ്പാസിലെ പാൽക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള 'പൂജപ്പുര' വീടും സ്ഥലവും അളന്നുതിട്ടപ്പെടുത്താൻ സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരുന്നു.ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയുമായിരുന്നു.

വാർത്ത ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ഒട്ടേറെ നേതാക്കൾ വിളിക്കുകയും പ്രശ്‌നത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പലിശ ഒഴിവാക്കിത്തന്നാൽ വായ്പയെടുത്ത തുക അടയ്ക്കാമെന്ന നിലപാടിലായിരുന്നു പൂജപ്പുര സാംബൻ.ഒടുവിൽ ആരുടെയും കനിവിനു കാത്തുനിൽക്കാതെ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.പക്ഷാഘാതം വന്ന് അവശനായ അവസ്ഥയിലായിരുന്നു അദ്ദേഹം.

2014-ലാണ് സഹകരണ ബാങ്കിൽനിന്നു വായ്പയെടുത്തത്. നാലുവർഷം കൃത്യമായി അടച്ചു. രോഗദുരിതങ്ങളും കോവിഡും കാരണം അടവ് മുടങ്ങി.ഇതിനിടെ ഏകമകന്റെ കച്ചവടസ്ഥാപനം പൂട്ടിപ്പോയി. കട്ടിലിൽനിന്നുവീണു പരിക്കേറ്റ് ഭാര്യ ശാരദ കിടപ്പുരോഗിയായത് ദുരിതം ഇരട്ടിയാക്കി.

കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി.ക്കൊപ്പം മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിലിൽക്കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബൻ. തിരുവനന്തപുരത്തെ മുടവന്മുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാൻ എ.കെ.ജി. മതിൽ ചാടിക്കടന്നത് ഇദ്ദേഹത്തിന്റെ തോളിൽ ചവിട്ടിയാണ്.1972 മെയ്‌ 25-ന് മിച്ചഭൂമിസമരത്തെ തുടർന്ന് അറസ്റ്റിലായ സാംബൻ എ.കെ.ജി.ക്കൊപ്പമാണ് ജയിലിൽ കിടന്നത്. പിന്നീട് കെ.എസ്.വൈ.എഫ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സിപിഎം. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായി.

അടിയന്തരാവസ്ഥക്കാലത്തും എട്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എ.കെ.ജി.യുടെ അവസാനകാലത്ത് അദ്ദേഹത്തെ പരിചരിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് സാംബൻ കരുതിയിരുന്നത്.ജയിലിൽനിന്ന് ഇറങ്ങിയശേഷം സജീവരാഷ്ട്രീയം അവസാനിപ്പിച്ച് കൊല്ലത്തെത്തി പ്രമുഖ ഹോട്ടലിൽ മാനേജരായി. കൊല്ലത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പൂജപ്പുര സാംബൻ സജീവമായിരുന്നു. മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്‌കരിച്ചു. മകൻ: ജ്യോതിദേവ്. മരുമകൾ: പ്രീതി.