റോം:ഫെബ്രുവരി 11, 2013 തിങ്കളാഴ്ച: മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നതുവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. പക്ഷേ ആ ദിവസം അവിടെ നടക്കാൻ പോകുന്നത് സഭയുടെ ചരിത്രത്തിൽ തന്നെ കൊടുങ്കാറ്റായി മാറുന്ന ഒരു പ്രഖ്യാപനമാണെന്ന് മാർപ്പാപ്പയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന അടുപ്പക്കാർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

യോഗത്തിൽ മാർപാപ്പ ബനഡിക്ട് പതിനാറാമന്റെ പ്രസംഗത്തിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'ഈ നടപടിക്രമം പൂർത്തീകരിക്കുന്നതിന് മാത്രമല്ല നമ്മളിവിടെ ചേർന്നിരിക്കുന്നത്. സഭാജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം ഞാൻ നിങ്ങളെ അറിയിക്കുകയാണ്..

'എന്റെ മനസ്സാക്ഷി ദൈവത്തിനുമുന്നിൽ ആവർത്തിച്ചു പരിശോധിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് വേണ്ടവിധം ശുശ്രൂഷ ചെയ്യാൻ പ്രായം ഇനിയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഞാൻ അശക്തനാണ്. മാറ്റങ്ങൾക്ക് വിധേയമായ ലോകത്ത് ആത്മീയമായും വിശ്വാസപരമായും സഭയെ നയിക്കുന്നതിന് ശാരീരികാരോഗ്യം മാത്രമല്ല, മനഃശ്ശക്തിയും വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനഃശ്ശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് റോമാ രൂപതയുടെ മെത്രാൻ സ്ഥാനത്തുനിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തുനിന്നും ഞാൻ വിടവാങ്ങുന്നു. ഫെബ്രുവരി 28-ന് രാത്രി എട്ടുമുതൽ ഈ സിംഹാസനം ശൂന്യമായിരിക്കും. ഏറ്റവും യോഗ്യതയുള്ള ഒരാളെ ഈ പരമോന്നത പദവിയിലേക്ക് കോൺക്ലേവ് തിരഞ്ഞെടുക്കും'' - അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കർദ്ദിനാൾ സംഘം ഞെട്ടിപ്പോയി. ചടങ്ങ് പൂർത്തിയാക്കി പാപ്പ തന്റെ മുറിയിലേക്ക് പോയി

ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തന്റെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ,അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുള്ളു.

കത്തോലിക്കാസഭയിലെ 265ാം മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട് പതിനാറാമൻ- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം 'അനുഗ്രഹിക്കപ്പെട്ടവൻ' എന്നായിരുന്നു. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുള്ള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുള്ള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. സഭാ വിശ്വാസികൾക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് യൗസേപ്പ് എന്ന നാമം മാമ്മോദീസാവേളയിൽ സ്വീകരിക്കുകയും, ആ നാമത്തോട് ജീവിതംകൊണ്ട് നീതി പുലർത്തുകയും ചെയ്യുന്ന ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പയെന്ന് തന്റെ പ്രവൃത്തികൊണ്ടാണ് അദ്ദേഹം തെളിയിച്ചത്.

തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ കിട്ടിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുള്ള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്.

ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ലാണ് പൗരോഹിത്യം സ്വീകരിച്ചുകൊണ്ട് ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയത്. ദൈവശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അദ്ധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു.പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിന്റെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.

പിന്നീട് ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്.തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു.വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു എന്നായിരുന്നു വിശ്വാസികളുടെ അഭിപ്രായം.

സഭയ്ക്കുള്ളിലും പുറത്തും ഉടലെടുത്ത കാറും കോളും നിറഞ്ഞ പ്രശ്നങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്ത് പോരുവാൻ അദ്ദേഹത്തിന്കഴിഞ്ഞിരുന്നു.അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം അധികാരത്തിന്റെ സ്വാർത്ഥതകളില്ലാതെ പുതിയൊരു സന്ദേശത്തിന്റെ പ്രവാചകനായി മാറിക്കൊണ്ട് ബനഡിക്ട് പതിനാറാമന് തൃജിക്കാൻ കഴിഞ്ഞതും.

ജീവിത രേഖ

 പോപ്പ്‌ എമിരെറ്റിസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ജർമൻ സ്വദേശിയായ കർദിനാൾ ജോസഫ് ററ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്ററിലും യൂട്യൂബിലും ആദ്യമായി അക്കൗണ്ടുകൾ തുടങ്ങിയ മാർപാപ്പയായിരുന്നു അദ്ദേഹം.

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941ൽ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി.

ഇന്ത്യൻ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമൻ ആയിരുന്നു. സിറോ മലബമാർ സഭയിലും സിറോ മലങ്കര സയിലും രണ്ട് കർദിനാൾമാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്ക് വത്തിക്കാനിൽ ഉചിതമായ പ്രാതിനിധ്യം നൽകി.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പോപ്പ് ബനഡിക്ടിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.