ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ ഒരുസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബാദൽ ശിരോമണി അകാലിദളിന്റെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന നേതാവാണ്. ബാദലിന്റെ മകനും, പാർട്ടി അദ്ധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന്റെ പേഴ്‌സണൽ അസിസ്റ്റന്റാണ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ശ്വാസം മുട്ടലിനെ തുടർന്ന് മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാത്രി 8.28നായിരുന്നു അന്ത്യം. ഭാര്യ സുരീന്ദർ കൗർ നേരത്തേ മരിച്ചിരുന്നു. ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്‌കാരം. ബുധനാഴ്ച രാവിലെ മൊഹാലിയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകും.

പഞ്ചാബ് സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിങ് ബാദൽ. ലോക്‌സഭാ എംപി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനം കൂടി വഹിച്ചിട്ടുണ്ട്. 1927 ഡിസംബർ 8-ന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലെ മാലൗട്ടിന്റെ അടുത്തുള്ള അബുൾ ഖുരാനയിലായിരുന്നു ജനനം. രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനാണ്. ജാട്ട് സിഖ് കുടുംബത്തിലാണ് പ്രകാശ് സിങ് ബാദൽ ജനിച്ചത്.

1957-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം ആദ്യമായി എംഎ‍ൽഎ. ആയി. 43-ാം വയസിൽ പഞ്ചാബ് മുഖ്യമന്ത്രിയായി. 1970-71, 1977-80, 1997-2002, 2007-2012, 2012-2017 എന്നീ വർഷങ്ങളിലായി അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു. 1972, 1982, 2002 എന്നീ വർഷങ്ങളിൽ പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായിരുന്നിട്ടുണ്ട്. കേന്ദ്രത്തിലും മന്ത്രിപദവി വഹിച്ചിട്ടുണ്ട്. 13 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 11 തവണ ജയിച്ചിട്ടുണ്ട്. 1969 മുതൽ 2017 വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു.

'പ്രകാശ് സിങ് ബാദൽ ജിയുടെ വേർപാടിൽ അതീവ ദുഃഖമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അതികായനായിരുന്നു അദ്ദേഹം. വിലപ്പെട്ട സംഭാവനകൾ നൽകിയ രാഷ്ട്രതന്ത്രജ്ഞൻ. പഞ്ചാബിന്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും, സംസ്ഥാനത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ നയിക്കുകയും ചെയ്ത നേതാവായിരുന്നു ബാദൽജി', പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇത് തനിക്ക് വ്യക്തിപരമായ നഷ്ടമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.