കൊച്ചി: മലയാള പത്രങ്ങളിൽ സ്പോർട്സ് റിപ്പോർട്ടിംഗിലും ലേ ഔട്ടിലും വിപ്ലവാത്മക മാറ്റങ്ങൾ കൊണ്ടു വന്ന പിടി ബേബി. മാതൃഭൂമി ന്യൂസ് എഡിറ്റർ (സ്പോർട്സ്) പി.ടി. ബേബി (50) അന്തരിക്കുമ്പോൾ അത് കായികതാരങ്ങൾക്കും പത്ര വായനക്കാർക്കും വിലയ നഷ്ടമാണ്. പുഞ്ചിരി ഒരിക്കലും മായാത്ത മുഖത്തിന്റെ ഉടമ. സ്പോർട്സ് റിപ്പോർട്ടിംഗിനെ സാധാരണക്കാരിലേക്ക് എത്തിച്ച മാധ്യമ പ്രവർത്തകൻ. റിപ്പോർട്ടിങ്ങിനൊപ്പം പത്രരൂപകൽപനയിലും മികവുകാട്ടിയ കായിക ജേർണലിസ്റ്റ്.

സ്പോർട്സ് റിപ്പോർട്ടിംഗിനെ വൈകാരികമായി കണ്ട മാധ്യമ പ്രവർത്തകനായിരുന്നു. ഭാഷയുടെ സൗന്ദര്യവും കാൽപ്പനികതയും കായിക റിപ്പോട്ടിങിലേക്ക് കൊണ്ടു വന്നു. ഇതിലൂടെ മലയാള പത്രങ്ങളിലെ സ്പോർട്സ് റിപ്പോർട്ടിംഗിനെ അടിമുടി മാറ്റി മറിക്കാൻ ബേബിക്കായി. മറ്റ് മാധ്യമങ്ങളും ഈ വഴിയേ നീങ്ങി. സ്പോർട്സ് പേജുകളിൽ ലേ ഔട്ടിംഗിലെ പരീക്ഷണങ്ങളിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇതെല്ലാം മറ്റ് പത്രങ്ങളെ പോലും സ്വാധീനിച്ചു. ക്രിക്കറ്റിനേയും ഫുട്‌ബോളിനേയും അത്‌ലറ്റിക്‌സിനേയും ഒരു പോലെ മനസ്സിലേറ്റിയ കായിക മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു ബേബി.

അർജന്റീന ലോകകപ്പ് നേടിയപ്പോൾ മെസി മുത്തം എന്ന തലക്കെട്ടോടെ ബേബി രൂപകൽപന ചെയ്ത മാതൃഭൂമിയുടെ ഒന്നാം പേജ് ന്യൂസ് പേപ്പർ ഡിസൈൻ വെബ്‌സൈറ്റിന്റെ അന്താരാഷ്ട്ര ന്യൂസ് പേപ്പർ ഡിസൈൻ മത്സരത്തിൽ സ്വർണമെഡൽ നേടി. ഈ പുരസ്‌കാരത്തിൽ വെങ്കലവും ബേബി രൂപകൽപന ചെയ്ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു ഇത്. ഈ രണ്ട് പേജുകളും മറ്റ് മലയാള മാധ്യമങ്ങളേയും സ്വാധീനിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി മാതൃഭൂമിയെ കായിക റിപ്പോർട്ടിംഗിന്റെ മുമ്പിൽ നിർത്തിയതിന് പിന്നിലെ ചാലക ശക്തികളിൽ ഒരാളായിരുന്നു ബേബി.

ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40-നായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യയുടെ അപ്രീക്ഷിത വിയോഗം ബേബിയെ മാനസികമായി തളർത്തിയിരുന്നു. ഈ ആഘാതത്തെ അതിജീവിക്കാൻ കഴിയാതെയാണ് ബേബിയുടെ അപ്രതീക്ഷിത മടക്കം. ഒരു സഹോദരനും സഹോദരിയും മരിച്ചിരുന്നു. ഇതും ബേബിക്ക് ദുഃഖമായി മാറിയിരുന്നു.

1996-ൽ മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ ജേണലിസ്റ്റ് ട്രെയിനായി ചേർന്ന ബേബി പിന്നീട് കോഴിക്കോട് സെൻട്രൽ ഡസ്‌കിൽ സബ് എഡിറ്ററായി. അതിനിടെയാണ് സ്പോർട്സ് ഡസ്‌കിനൊപ്പം ചേർന്നത്. പിന്നീട് ദീർഘകാലം മാതൃഭൂമിയുടെ സ്പോർട്സ് വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി. ലണ്ടൻ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോൾ, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എൽ,ഫെഡറേഷൻ കപ്പ് ഫുട്‌ബോൾ, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾ മാതൃഭൂമിക്കുവേണ്ടി റിപ്പോർട്ട് ചെയ്തു.

കൊച്ചിയിൽ സീനിയർ സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും ചീഫ് റിപ്പോർട്ടറായും ആലപ്പുഴയിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ച ശേഷം 2018-ൽ കോഴിക്കോട് സ്പോർട്സ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കൽ വീട്ടിൽ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്. ഭാര്യ: പരേതയായ സിനി.

മക്കൾ: ഷാരോൺ, ഷിമോൺ. സഹോദരങ്ങൾ: പരേതനായ പി.ടി.ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി. ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകൾ സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.