കോട്ടയം: മലയാളികളുടെ കുഞ്ഞൂഞ്ഞ് അന്ത്യയാത്രയിലാണ്. എംസി റോഡിന് ഇരുവശവും മനുഷ്യ മതിലാണ്. സാധാരണക്കാർ പുതുപ്പള്ളിയിലെ വീട്ടിൽ വേദനയുടെ ഭാണ്ഡക്കെട്ട് അഴിച്ചു വച്ചത് ഉമ്മൻ ചാണ്ടിയുടെ മുമ്പിലാണ്. എല്ലാ പ്രശ്‌നത്തിനും ഉമ്മൻ ചാണ്ടി പരിഹാരമുണ്ടാക്കി. ഇനി ആ വീട്ടിൽ ജീവനോടെ ഉമ്മൻ ചാണ്ടി മടങ്ങിയെത്തില്ല. അത് പുതുപ്പള്ളിക്കാർക്ക വേദനയാകുകയാണ്. വേണ്ടതെല്ലാം തന്ന് ഒപ്പം നിന്ന നേതാവിന് വേണ്ടി അവർ ജീവത്യാഗത്തിന് പോലും തയ്യാർ. കേരളത്തിൽ ഒരു നേതാവിനും ഇതു വരെ കിട്ടാത്ത യാത്രാ മോഴി.

എന്റെ സാറു പോയാൽ പിന്നെ എനിക്ക് ജീവിതമില്ല; എന്റെ ചങ്കാണ് പോയത്; എന്റെ ജീവിതവും പോയി; ഞാൻ ആത്മഹത്യ ചെയ്യും.... പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ വികാര നിർഭര രംഗങ്ങൾ; ഇനി ജീവിക്കേണ്ടെന്ന് പറഞ്ഞ് ജീവനൊടുക്കാൻ എത്തുന്നവരെ ശാന്തമാക്കാൻ പാടുപെടുകയാണ് കോൺഗ്രസ് നേതാക്കൾ. ഞങ്ങളെ അതേ പോലെ വളർത്തിയതാണ്. ഒരു കുറവും വരുത്തിയില്ല. വീടുവയ്ക്കാൻ രണ്ടു സെന്റിന് പണവും നൽകി-മോഹനൻ എന്ന ആളിന്റെ കരച്ചിലാണ് ഇത്. ഇന്നലെ മുതൽ തന്നെ ഇതു പോലെ നിരവധി പേരെത്തുന്നു. അവർക്കെല്ലാം നഷ്ടമായത് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെയാണ്. ആ വേദന അലറിക്കരച്ചിലായി മാറുന്നു.

തുടർച്ചയായി ഒരു മണ്ഡലത്തിൽ നിന്ന് 12 തവണ തെരഞ്ഞെടുക്കപ്പെടുക. നിയമസഭാ സാമാജികനായി ഒരേയിടത്ത് നിന്നും അരനൂറ്റാണ്ട് പിന്നിടുക. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളിയിൽ ജനിച്ച അദ്ദേഹം 1970 ലാണ് യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനായി കോൺഗ്രസിൽ നിർണ്ണായക സ്ഥാനത്തേക്ക് എത്തുന്നത്. യൂത്ത്കോൺഗ്രസ് തലവനായി ആദ്യമായി പുതുപ്പള്ളിയിൽ മത്സരിച്ചു ഉമ്മൻ ചാണ്ടി. ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യമായിരുന്നു പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിലും അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് ആൾക്കാരുണ്ടാകും. പുതുപ്പള്ളിയിൽ നടക്കുന്ന ഞായറാഴ്ച ദർബാറിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രശ്നം അദ്ദേഹം കേട്ടിരുന്നു.

രാഷ്ട്രീയമായി വേട്ടയാടപ്പെട്ടപ്പോഴെല്ലാം പുതുപ്പള്ളിക്കാരും പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1970 ൽ തനിക്ക് ആദ്യമായി വോട്ടു ചെയ്തവരും പിന്നാലെ വന്നവരും ഒരിക്കൽ പോലും തോൽപ്പിക്കാതെ നായകനാക്കി നിർത്തിയതിന് ഹൃദയബന്ധത്തിൽ ഊന്നിയ മറുപടികളാണ് ഉമ്മൻ ചാണ്ടി നൽകിയത്. പുതുപ്പള്ളിയിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ പോലും വീട്ടുകാർ പ്ലാൻ ചെയ്തിരുന്നത് ഉമ്മൻ ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു. പുതുപ്പള്ളി പോലെ തന്നെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസും. എംഎൽഎയായിരിക്കുമ്പോൾ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലാണ് അദ്ദേഹം ഭൂരിഭാഗ സമയവും ചെലവിട്ടുകൊണ്ടിരിക്കുന്നത്.

ഉമ്മൻ ചാണ്ടി ജനിച്ചത് കുമരകത്ത് ആണെങ്കിലും പുതുപ്പള്ളിയായിരുന്നു എന്നും അദ്ദേഹത്തിന്റെ തട്ടകം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകൻ. വിദ്യാഭ്യാസം തുടങ്ങിയ നാൾ മുതൽ പുതുപ്പള്ളിയിലായിരുന്നു വളർച്ചയുടെ പടവുകൾ. നേതൃനിരയിലേക്ക് എത്തിയപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കേണ്ടി വന്നപ്പോൾ ആ വീടിനും അദ്ദേഹം നൽകിയ പേര് 'പുതുപ്പള്ളി' എന്നായിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽനിന്ന് ബി.എ. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം.

കുടുംബവക സ്‌കൂളിലാണ് രാഷ്ട്രീയത്തിന്റെയും ആരംഭം. അദ്ദേഹത്തിന്റെ മുത്തച്ഛൻ വി.ജെ. ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായ കുടുംബവക സ്‌കൂളാണ് വി.ജെ. ഉമ്മൻ മെമോറിയൽ യുപി സ്‌കൂൾ. ഇവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരണ സമരകാലത്ത് പഠിപ്പു മുടക്കി ആ സ്‌കൂളിലേക്കു നടത്തിയ പ്രകടനത്തിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി മുദ്രാവാക്യം വിളിച്ചത്. 12 ജയങ്ങളും അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ തുടർച്ചയായി നിയമസഭയിൽ പ്രതിനിധീകരിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളിയുമായുള്ള സ്നേഹബന്ധത്തിന്റെ അടയാളമാണ്.

ഊണും ഉറക്കവും മാറ്റിവച്ച് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള സന്നദ്ധത, ദീനാനുകമ്പ, അസാധാരണമായ ഓർമശക്തി, സമചിത്തത, അപാരമായ സാമാന്യയുക്തി, രാഷ്ട്രീയ എതിരാളികളെ തച്ചുതകർക്കാനുള്ള വൈഭവം, തന്ത്രജ്ഞത. ഇവയെല്ലാം ഉമ്മൻ ചാണ്ടിക്ക് അടുപ്പമുള്ളവർ നൽകുന്ന വിശേഷണങ്ങളാണ്.