കോഴിക്കോട്: മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായ പിവി ഗംഗാധരൻ അന്തരിച്ചു. ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു പി.വി. ഗംഗാധരൻ എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഗംഗാധരന്റെ അന്ത്യം. മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കോൺഗ്രസിന്റെ സദീവ പ്രവർത്തകനായും മാറുകയായിരുന്നു.

കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ 1943-ലാണ് പി.വി. ഗംഗാധരൻ ജനിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്ററായ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അംഗമാണ്. സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല ചിത്രങ്ങളും നിർമ്മിച്ചത് പി.വി ഗംഗാധരനായിരുന്നു.

ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു വടക്കൻ വീരഗാഥ, വാർത്ത, അഹിംസ, അച്ചുവിന്റെ അമ്മ, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, നോട്ട്ബുക്ക് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമകൾ. എഐസിസി അംഗമായിരുന്നു. 2011 ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. നിരവധി മികച്ച സിനിമകൾ നിർമ്മിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ ആയിരുന്നു.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു പി.വി.ജി എന്ന് സ്‌നേഹപൂർവ്വം വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായിരുന്നു വർഷങ്ങളോളം.

എസ് ക്യൂബുമായി ചേർന്ന് നിർമ്മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.