- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതിയൻ ചന്തുവിനെ പ്രിയപ്പെട്ടവനാക്കിയ വടക്കൻ വീരഗാഥ; ജയനെ അനശ്വരനാക്കുന്ന 'അങ്ങാടി'; വാർത്തയിൽ കത്തി കയറിയ മമ്മൂട്ടി; ലാലിനെ താരമാക്കി കാറ്റത്തെ കിളിക്കൂട്; സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ഏകലവ്യൻ; ഉർവ്വശിയെ തിരികെ കൊണ്ടു വന്ന അച്ഛുവിന്റെ അമ്മ; ഇത് പിവിജിയുടെ സിനിമാക്കഥ
കോഴിക്കോട്: വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ കഥ മാറ്റി മറിച്ച എംടിയുടെ ഒരു വടക്കൻ വീരഗാഥ. മലയാളസിനിമയിൽ കോഴിക്കോടിന് സുപ്രധാനസ്ഥാനം നൽകിയതിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുള്ള പങ്കും ചെറുതല്ല. തിരുവനന്തപുരത്തും കൊച്ചിയിലും സിനിമാ ലോബികൾ അതിശക്തമാണ് ഇന്ന്. എന്നാൽ ഗംഗാധരൻ സിനിമകൾ നിർമ്മിക്കുന്ന കാലത്ത് കോഴിക്കോടായിരുന്നു മലയാള സിനിമയുടെ എല്ലാം.
ഐ.വി ശശി അടക്കമുള്ള കോഴിക്കോടൻ സിനിമാ സംഘത്തിന്റെ ഇഷ്ടയിടമായിരുന്നു കേരളകലയെന്ന പി.വി.ജിയുടെ വീട്. സിനിമാചർച്ചകളും സൗഹൃദങ്ങളും നിറഞ്ഞുനിന്ന വീട്. സംവിധാനമേഖലയിൽ പോലും നവാഗതർക്ക് അവസരം നൽകാൻ പി.വി ഗംഗാധരൻ മടി കാട്ടിയില്ല. കലാമൂല്യവും ജനപ്രീതിയും ഒരു നിറഞ്ഞ ചിത്രങ്ങൾ ഗൃഹലക്ഷ്മിയുടേതായി. ജനപ്രിയ സിനിമകളും ക്ലാസിക്കുകളും ഒരു പോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്.
അങ്ങാടിയും, ഏകലവ്യനും, വാർത്തയും പോലെ പ്രേക്ഷകർ നെഞ്ചേറ്റിയ ഒരുപിടി സൂപ്പർഹിറ്റുകൾ. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായ ഒരു വടക്കൻ വീരഗാഥയും നിരൂപകപ്രശംസ നേടിയ എന്ന് സ്വന്തം ജാനകിക്കുട്ടിയും ശാന്തവും മലയാളിക്ക് നൽകി. തൂവൽക്കൊട്ടാരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും എല്ലാം സൂപ്പർ ഹിറ്റ്. എം ടിയെ പോലെ മികച്ച എഴുത്തുകാരുടെ തിരക്കഥകളായിരുന്നു പിവിജി സിനിമകളുടെ കാമ്പ്. മലയാള സിനിമയുടെ ഗതിമാറ്റിയ ഒരു പിടി ഹിറ്റ് സിനിമകളുടെ നിർമ്മാതാവായിരുന്നു പി.വി.ജി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ചലച്ചിത്രങ്ങൾ മലയാള സിനിമയുടെ ഖ്യാതി ദേശീയ - അന്തർദേശീയ തലത്തിലെത്തിച്ചു.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടേയും സിനിമാ ജീവിതത്തിൽ പിവിജിക്ക് വലിയ പങ്കുണ്ട്. വാർത്ത എന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാനമായ ഒന്നാണ്. ഒരു വടക്കൻ വീരഗാഥയിലെ ചന്തു മമ്മൂട്ടിക്ക് ദേശീയ അവാർഡും നൽകി. മോഹൻലാലിന് എൺപതുകളിൽ സൂപ്പർ നായകനാക്കിയ ചിത്രമാണ് കാറ്റത്തെ കളിക്കൂട്. സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ഷാജി കൈലാസ് ചിത്രമായ ഏകലവ്യനും പിവിജിയുടേതായിരുന്നു. ഉർവ്വശിയുടെ രണ്ടാം തിരിച്ചു വരവായ അച്ചുവിന്റെ അമ്മയേയും മലയാളികൾ ഏറ്റെടുത്തു.
22 സിനിമകൾ ആണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവിജി നിർമ്മിച്ചത്. ആദ്യ സിനിമയായ 'സുജാത'യിൽ തുടങ്ങിയ ഇടപെടൽ. സിനിമ പോലെ തന്നെ അതിലെ പാട്ടുകൾക്കും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് മുൻതൂക്കം നൽകി. ടി.ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിൽ നടൻ ജയൻ അനശ്വരമാക്കിയ എവർഗ്രീൻ ഹിറ്റ് 'അങ്ങാടി' ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റുകളിലൊന്നായി. തൊഴിലാളി നേതാവായി അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച ജയനെ ജനകീയമാക്കിയ സിനിമ.
പുതുമുഖ താരങ്ങളെ വെച്ച് 2006-ൽ നിർമ്മിച്ച സിനിമയായിരുന്നു നോട്ട്ബുക്ക്. പുതുമുഖങ്ങളെ അണിനിരത്തി റോഷൻ ആൻഡ്രൂസിനെ സംവിധായകനാക്കിയ പരീക്ഷണം. ശാന്തം, എന്ന് സ്വന്തം ജാനകിക്കുട്ടി, കാണാക്കിനാവ് എന്നീ ചിത്രങ്ങൾ വേറിട്ട പരീക്ഷണങ്ങളായി. മലയാളത്തിന് നിരവധി പ്രതിഭാധനരായ സംവിധായകരെ ഹിറ്റ്മേക്കേഴ്സാക്കിയത് പിവിജിയുടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളായിരുന്നു. ഹരിഹരനും ഐ.വി. ശശിയും ഭരതനും സത്യൻ അന്തിക്കാടും തുടങ്ങിയ സംവിധായകരെല്ലാം ഗൃഹലക്ഷ്മിയുടെ തണലിൽ സിനിമ എടുത്തു.
ഗംഗാധരൻ സിനിമ നിർമ്മാണരംഗത്തുനിന്നു പിന്മാറിയെങ്കിലും അച്ഛന്റെ പാത പിന്തുടർന്ന് നല്ല സിനിമകളുടെ ഭാഗമാകാനാണ് എസ്. ക്യൂബ് പ്രൊഡക്ഷൻസിലൂടെ മക്കളായ ഷെനൂഗ, ഷെഗ്‌ന, ഷെർഗ എന്നിവരും ശ്രമിച്ചത്. ലെറ്റ് ടേക്ക് എ ബ്രേക്ക് എന്ന മ്യൂസിക് ആൽബത്തിലൂടെ നിർമ്മാണരംഗത്തേക്കെത്തിയ എസ്‌ക്യൂബ് പ്രൊഡക്ഷൻസ് ഉയരെ, ജാനകി ജാനെ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രങ്ങൾ
സുജാത
മനസാ വാചാ കർമ്മ
അങ്ങാടി
അഹിംസ
ചിരിയോ ചിരി
കാറ്റത്തെ കിളിക്കൂട്
ഇത്തിരിപൂവെ ചുവന്ന പൂവേ
ഒഴിവുകാലം
വാർത്ത
ഒരു വടക്കൻ വീരഗാഥ
എന്നും നന്മകൾ
അദ്വൈതം
ഏകലവ്യൻ
തൂവൽ കൊട്ടാരം
കാണാക്കിനാവ്
എന്നും സ്വന്തം ജാനകിക്കുട്ടി
വീണ്ടും ചില വീട്ടുകാര്യങ്ങൾ
കൊച്ചുകൊച്ചു സന്തോഷങ്ങൾ
ശാന്തം
അച്ചുവിന്റെ അമ്മ
യെസ് യുവർ ഓണർ
നോട്ട്ബുക്ക്