കൊച്ചി: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആർ.രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സി ദിവാകരന് ശേഷം കരുനാഗപ്പള്ളിയിൽ മത്സരിച്ചത് രാമചന്ദ്രനായിരുന്നു. എംഎൽഎയുമായി. എന്നാൽ കഴിഞ്ഞ നിയമസഭാ തിരിഞ്ഞെടുപ്പിൽ സി ആർ മഹേഷിനോട് രാമചന്ദ്രൻ തോറ്റു. അതിന് ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു.

സംസ്‌ക്കാരം നാളെ 10 മണിക്കു കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിലും ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസുകളിലും പൊതുദർശനം ഉണ്ടാകും. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു രാമചന്ദ്രൻ. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കൊല്ലത്തെ സിപിഐയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു രാമചന്ദ്രൻ. സിപിഐയിലെ വിമതനായ കെ ഇ ഇസ്മായിലിന്റെ വിശ്വസ്തനായിരുന്നു രാമചന്ദ്രൻ.

2016 -ലെ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽനിന്ന് വിജയിച്ചാണ് എംഎൽഎ ആയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോൾ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. ദീർഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. 2012 -ൽ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കാനം രാജേന്ദ്രൻ പാർട്ടിയിൽ പിടി മുറുക്കിയതോടെ രാമചന്ദ്രന് പാർട്ടിയിൽ പ്രാധാന്യം കുറഞ്ഞിരുന്നു.

കരുനാഗപ്പള്ളിയിലെ കഴിഞ്ഞ തവണത്തെ തോൽവി രാമചന്ദ്രന് ഏറെ നിരാശ നൽകിയിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾ അടക്കം ചർച്ചയാവുകയും ചെയ്തു. പാർട്ടി അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരായ കമ്മീഷൻ പരാമർശങ്ങളെ ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തിൽ ആർ.രാമചന്ദ്രൻ ശക്തമായി എതിർത്തു. തോൽവിക്ക് കാരണം തന്റെ ജാഗ്രത കുറവ് കൂടിയാണെന്ന കണ്ടെത്തൽ അംഗീകരിക്കില്ലെന്ന നിലപാടിൽ ഒരു ഘട്ടത്തിൽ യോഗത്തിൽ നിന്നിറങ്ങിപോകാനും ആർ.രാമചന്ദ്രൻ ശ്രമിച്ചു. ഇതെല്ലാം വലിയ ചർച്ചയാവുകയും ചെയ്തു.

2016-ൽ നിയമസഭയിലേക്ക് മത്സരിക്കുന്നതുവരെ ജില്ലാ സെക്രട്ടറിയായി തുടർന്നു. എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചു. 2006 -11 കാലയളവിൽ സിഡ്കോ ചെയർമാനായിരുന്നു. 1991-ൽ ജില്ലാ കൗൺസിലിലേക്ക് പന്മന ഡിവിഷനിൽനിന്ന് വിജയിച്ചു. 2000-ൽ തൊടിയൂർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004-ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. ഭാര്യ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദർശിനി. മകൾ: ദീപാചന്ദ്രൻ. മരുമകൻ: അനിൽ കുമാർ.

കഴിഞ്ഞ തവണ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് 29, 096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രനെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിയതും മഹേഷായിരുന്നു. 64 വർഷത്തിന് ശേഷമാണ് കരുനാഗപ്പള്ളിയിൽ മഹേഷിലൂടെ കോൺഗ്രസിന് എംഎ‍ൽഎയെ ലഭിക്കുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 15 തിരഞ്ഞെടുപ്പിൽ 11ലും വിജയം ഇടത് മുന്നണിക്കൊപ്പമായിരുന്നു. മഹേഷിന്റെ ജനകീയ ഇടപെടലാണ് നിർണ്ണായകമായത്. 2016ൽ രാമചന്ദ്രനോട് തോറ്റതും സി ആർ മഹേഷായിരുന്നു.

സിപിഐയുടെ കുത്തക മണ്ഡലമെന്ന് ഇടത് കേന്ദ്രങ്ങൾ വിശേഷിപ്പിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ദയനീയ തോൽവി മുന്നണി നേതൃത്വത്തിനാകെ ആഘാതമായിരുന്നു. കനത്ത തോൽവി നേരിട്ടതോടെയാണ് സിപിഎമ്മും സിപിഐയും തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചത്. കരുനാഗപ്പള്ളിയിലെ തോൽവിയെ കുറിച്ച് പഠിക്കാൻ സിപിഎം നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിൽ നടപടികൾ ഉണ്ടായിരുന്നു.