തിരുവനന്തപുരം: ചില സംഗീത സംവിധായകരുണ്ട്..വളരെ ചുരുക്കം ചില ഗാനങ്ങൾക്ക് മാത്രം സംഗീതം നൽകിയാലും അതിൽ അവരുടെ പ്രതിഭാസ്പർശത്തിലൂടെ കൂടുതൽ പാട്ടുകൾ വേണമായിരുന്നുവെന്ന് ആസ്വാദകരെക്കൊണ്ട് തോന്നിപ്പിക്കും.അത്തരത്തിൽ ഒരു പ്രതിഭയായിരുന്നു ഇന്ന് പുലർച്ചെ വിട പറഞ്ഞ സംഗീത സംവിധായകൻ ആർ സോമശേഖരൻ. ജാതകത്തിലെ അരളിയും കദളിയും തൊട്ട് അയാൾ എന്ന ചിത്രത്തിലെ മനസിജനൊരു തുടങ്ങിയ പാട്ടുകൾ നോക്കിയാൽ മാത്രം മതിയാകും ആ പ്രതിഭയെ തിരിച്ചറിയാൻ.

തുടർച്ചയായ ഒരു സംഗീത ജീവിതമായിരുന്നില്ല ആർ സോമശേഖരന്റെത്.ഇടവേളകൾ ധാരളം സംഭവിച്ച ഒരു സംഗീത ജീവിതത്തിൽ സാധ്യമായഅവസരങ്ങളെ വിനിയോഗപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്.ചെറുപ്പകാലം മുതൽ സംഗീതം അഭ്യസിക്കുകയും സ്ഥിരമായി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന സോമശേഖരൻ, ഗായകനാകുക എന്ന ആഗ്രഹത്തിൽ 1982 ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. ഗായകനാവാനായി മദ്രാസിൽ പോയി ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം മടങ്ങിയെത്തി പ്രൊഫഷണൽ നാടകങ്ങളിൽ സംഗീതം നൽകാനും പാടാനും തുടങ്ങി.

ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്. വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത 'ഉർവശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണു സംഗീത സംവിധായകനാകാനുള്ള അവസമുണ്ടായത്. കോന്നിയൂർ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണൻ എഴുതി, എസ് ജാനകിയും സോമശേഖരനും ചേർന്നു പാടി.

നീണ്ട ഇടവേളക്ക് ശേഷം ജാതകം എന്ന ചിത്രത്തിനു സംഗീതം നൽകി. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന അദ്ദേഹം, ഒമാനിൽ പോകാനുള്ള അവസരം ലഭിച്ചപ്പോൾ അവിടേക്കു പോയി. അത് സംഗീത ജീവിതത്തിൽ നീണ്ട ഇടവേളകൾ സൃഷ്ടിച്ചു. അവധിക്കെത്തിയ സമയങ്ങളിലാണ് ജാതകം, ആർദ്രം തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയത്.

കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യാൻ ആദ്യം നിശ്ചയിച്ചത് സോമശേഖരനെ ആയിരുന്നു. എന്നാൽ ഗൾഫിലെ ജോലിയും അവധിയും പ്രശ്‌നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു. ഗൾഫിലെ ജോലി പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി.

ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷം മിനി സ്‌ക്രീൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 50 ഓളം സീരിയലുകൾക്ക് സംഗീതം നൽകി. ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങളും അദ്ദേഹം ചെയ്തു. നീണ്ട ഒരു ഇടവേളക്കു ശേഷം 'അയാൾ' എന്ന ചിത്രത്തിനു സംഗീതം നൽകി രണ്ടാമതൊരു തിരിച്ചു വരവു കൂടെ നടത്തി. സ്വാമി അയ്യപ്പൻ സീരിയലിന്റ അവതരണഗാനവും പ്രശസ്തമാണ്.ഈ അഭയതീരം, മി.പവനായി 99.99, ബ്രഹ്മാസ്ത്രം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി.

തിങ്കളാഴ്‌ച്ച പുലർച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗർ സൗപർണികയിൽ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ ജയമണി. മക്കൾ ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ അറ്. സുധീഷ്, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.