പത്തനംതിട്ട: ഒരു നാടിനെ ഒന്നാകെ കണ്ണീരണിയിച്ച് പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അണപൊട്ടിയ ദുഃഖത്തിനൊപ്പം പ്രകൃതിയും കണ്ണീരണിഞ്ഞു. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനു പേരാണ് മന്ദപ്പുഴ ചേർത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് ഒഴുകിയെത്തിയത്. അമ്മ രജനിയെയും അച്ഛൻ ഹരീഷ്‌കുമാറിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് റാന്നി മാർത്തോമ്മാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. കനത്ത മഴയെയും അവഗണിച്ചാണ് അഭിരാമിയെ അവസാനമായി ഒരുനോക്ക് കാണാൻ ആളുകൾ എത്തിയത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംസ്‌കാര ചടങ്ങിനെത്തി. മഴ അൽപം തോർന്നതോടെ, പതിനൊന്നരയോടെ മൃതദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്ക് എടുത്തു. സഹോദരൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്.

പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ ഏഴിന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പേവിഷ ബാധയ്‌ക്കെതിരെ മൂന്ന് ഡോസ് വാക്‌സീൻ എടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം കൂടി ആരോപിച്ചതോടെ പ്രതിപക്ഷ സമരം ശക്തമാവുകയാണ്.

ആശുപത്രികൾക്ക് വീഴ്ചയുണ്ടായെന്നാണ് അഭിരാമിയുടെ കുടുംബം ആരോപിക്കുന്നത്. ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഒരു മണിക്കൂർ നിരീക്ഷണത്തിൽ ആക്കിയതിന് ശേഷമാണ് പ്രതിരോധ വാക്‌സിൻ നൽകിയതെന്നാണ് അമ്മ രജനി പറയുന്നത്. ഓഗസ്റ്റ് 14-ന് രാവിലെ തെരുവുനായയുടെ കടിയേറ്റ കുട്ടിയെ ആദ്യം പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്.

രാവിലെ എട്ടരയ്ക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാരടക്കം ആരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്നാണ് ഒരു മണിക്കൂർ കൊണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. ഇവടെയും സമയോചിതമായ ഇടപെടൽ ഉണ്ടായില്ല. പേവിഷ ബാധയുള്ള ജന്തുക്കളുടെ കടിയേറ്റാൽ അതിവേഗത്തിൽ നൽകേണ്ട ഇമ്മ്യൂണോ ഗ്ലോബുലിനാണ് അഭിരാമിക്ക് വൈകി നൽകിയതെന്നും അമ്മ രജനി പറയുന്നു.

ആശുപത്രി അധികൃതർ കുട്ടിയുടെ ജീവൻ വെച്ച് പരീക്ഷണം നടത്തിയെന്നും അഭിരാമിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. തുടക്കത്തിലെ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തിന് കാരണം ഗുരുതര ചികിത്സമാണെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. ബിജെപി യുടെ നേതൃത്വത്തിൽ പെരുനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം തുടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുട്ടിയുടെ വീട് സന്ദർശിച്ചു. അഭിരാമിയുടെ മരണത്തിന് ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.