കണ്ണൂർ: നാടുനീങ്ങിയത് നാടിന് വേണ്ടി നിലകൊണ്ട രാജവംശത്തിലെ കണ്ണി. കഴിഞ്ഞ ദിവസം അന്തരിച്ച ചിറക്കൽ കോവിലകത്തെ വലിയ രാജ രവീന്ദ്രവർമ്മ ചിറക്കൽ കോവിലകത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം നാടിന്റെ നന്മകൾക്കായി ഇടപെടുകയും ചെയ്ത വ്യക്തിയാണ്.കലാസാംസ്‌കാരിക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മതസൗഹാർദ്ദത്തിനും സാമുദായിക മൈത്രിക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു.

പ്രശസ്തമായ ചിറക്കൽ ചിറയുടെ നവീകരണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയത് വലിയരാജയായിരുന്ന പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കുളം നവീകരിക്കണമെന്ന് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു. കെ.വി സുമേഷ് എംഎൽഎ ഇതിനായി മുൻകൈയെടുത്തപ്പോൾ രാജകുടുംബമായ അദ്ദേഹം അതിനൊപ്പം നിന്നു. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ചിറയായ ചിറക്കലിന്റെ നവീകരണം യാഥാർത്ഥ്യമായത്. ഇതോടൊപ്പം ചെറുശേരി സ്മാരക പദ്ധതിക്കും പൂർണപിൻതുണയാണ് ചിറക്കൽ രാജ നൽകിയത്. ചിറക്കൽ രാജവംശത്തിന്റെ പരിധിയിലുള്ള 38 ക്ഷേത്രങ്ങളുടെ ട്രസ്റ്റിയാണ് ഇദ്ദേഹം.

ചിറക്കൽ കോവിലകം പൂയ്യം തിരുനാൾ സി.കെ വലിയരാജ രവീന്ദ്രവർമ്മ(88) കഴിഞ്ഞ കുറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. ദേഹാസ്യസ്ഥ്യത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്‌ച്ച രാവിലെ അന്തരിച്ചത്.സംസ്‌കാരം ശനിയാഴ്‌ച്ച രാവിലെ പതിനൊന്നുമണിക്ക് വളപട്ടണം പഴയ സാരംഗടാക്കീസിനു സമീപമുള്ള കോവിലകം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.ശനിയാഴ്‌ച്ച രാവിലെ പത്തരവരെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചു.

ചിറക്കൽ രാജാസ് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന കിളിമാനൂർ കൊട്ടാരത്തിൽ കെ.ആർ രാജ രാജവർമ്മയുടെയും ചിറക്കൽ കോവിലകത്തെ ഉമാർ ഓമന തമ്പുരാട്ടിയുടെയും മകനാണ്. മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്നും എം. എ ബിരുദം നേടിയ അദ്ദേഹം വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ളൈവുഡ്സിൽ ഫിനാൻസ് അക്കൗണ്ടന്റൊയി ജോലി ചെയ്തിരുന്നു.ഇപ്പോൾ ചിറക്കൽ ദേവസ്വം ട്രസ്റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു.ആനുകാലികങ്ങളിൽ ധാരാളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒൻപതു നൃത്ത നാടകങ്ങൾ രചിച്ചതിനു പുറമേ രണ്ടു നൃത്തനാടകങ്ങൾക്ക് സംഗീതരചനയും നിർവഹിച്ചിട്ടുണ്ട്.

രാജ രചിച്ച നൃത്ത നാടകങ്ങൾ വിവിധ കലാസമിതികൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിൽ നാടക ആർടിസ്റ്റായി ഒട്ടേറെ പ്രക്ഷേപപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി 2009-ൽഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. പന്തളം പാലസ് വെൽഫെയർസൊസൈറ്റി കെ.രാമവർമ്മ സാഹിത്യ പുരസ്‌കാരം 2011-ൽ രാജയുടെ ആഞ്ജനേയ ഉപദേശം എന്നിവ കവിതയ്ക്കു ലഭിച്ചു. ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന്റെ മലയാളത്തിൽ കാവ്യരൂപത്തിലുള്ള വിവർത്തനവും അന്നും ഇന്നും എന്ന കവിതാസമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

ചിറക്കൽ കോവിലകം ദേവസ്വം ട്രസ്റ്റ് പ്രതിനിധിയായി ഇരുപതു കൊല്ലത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയിൽ രണ്ടു തവണ അംഗമായിരുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയിൽ അംഗമാണ്. മലബാറിലെ ദേവസ്വങ്ങൾക്കു വേണ്ടിയുള്ള ക്ഷേമനിധിയിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആത്മീയ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്ന രാജ മികച്ച പ്രഭാഷകൻ കൂടിയാണ്.

ഭാര്യ ശാന്തകുമാരി തമ്പുരാട്ടി( എണ്ണയ്ക്കാട് വടക്കെമഠം കൊട്ടാരം) മക്കൾ: ഗായത്രിവർമ്മ, ഗംഗാവർമ്മ, ഗോകുൽവർമ്മ. മരുമക്കൾ: പ്രദീപ് കുമാർ വർമ്മ, ആർ. വി രവികുമാർ, ലക്ഷ്മി വർമ്മ.ചിറക്കൽ കോവിലകം വലിയരാജ സി.കെ രവീന്ദ്രവർമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു.

സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവസാന്നിധ്യവും എഴുത്തുകാരനുമായിരുന്ന രവീന്ദ്രവർമ്മ ഏവരുടെയും സ്നേഹാദരം പിടിച്ചു പറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.കെ.സുധാകരൻ എംപി, എംഎൽഎമാരായ കെ.വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി എന്നിവർ അനുശോചിച്ചു.