കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു.

ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതാണ് കാരണമെന്ന് നാട്ടുകാർ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു.

വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫിസെലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് സഹോദരൻ ഏതാനും മാസം മുമ്പ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് റസാഖ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാൻ പാർട്ടിക്ക് എഴുതിനൽകിയിരുന്നു. ഇവർക്ക് മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾ ടി.വി ചാനലും നടത്തിയിരുന്ന റസാഖ് 'വര' സമാന്തര മാസികയുടെ പത്രാധിപരുമായിരുന്നു. റസാഖ് പയമ്പ്രോട്ടിന്റെ മരണത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)