- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹിനിയാട്ടത്തിന് മറുനാട്ടിൽ പുതുജീവൻ പകർന്നു; എട്ടുപതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ആദരമായി പത്മബഹുമതികളും; വിഖ്യാത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു; ആദരാഞ്ജലികളുമായി കലാലോകം
മുംബൈ: പ്രശസ്ത മോഹിനിയാട്ടം കഥകളി നർത്തകി കനത് റെലെ അന്തരിച്ചു.86 വയസ്സായിരുന്നു.വാർധക്യസഹജമായ അവശതകളെത്തുടർന്ന് മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.നർത്തകി എന്നതിനൊപ്പം കോറിയോഗ്രാഫറും അക്കാദമിക്കുമായിരുന്നു പത്മഭൂഷൺ ഡോ. കനക് റെലെ.കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടിൽ പുതുജീവൻ പകർന്ന കലാകാരിയാണ് കനക് റെലെ.എട്ടുപതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിനാണ് വിയോഗത്തിലൂടെ വിരാമമാകുന്നത്.
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു കനക് റെലെ.1937ൽ ഗുജറാത്തിൽ ജനിച്ച കനക് റെലെ തന്റെ ബാല്യകാലം ചെലവഴിച്ചതുകൊൽക്കത്തയിലെ ശാന്തിനികേതനിലായിരുന്നു.ശാന്തിനികേതനിൽ വച്ചാണ് കേരളീയ കലകളായ കഥകളിയും മോഹിനിയാട്ടവും കനക് റെലെയെ ആകർഷിക്കുന്നത്.തന്റെ ഭാവിയെ നിർണയിക്കുന്നതിൽ കഥകളിയും മോഹിനിയാട്ടവും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അവർ എല്ലാ അഭിമുഖങ്ങളിലും വാചാലയാവുമായിരുന്നു.
മുംബെയിലെ ഗവ. ലോ കോളേജിൽ നിന്നും നിയമബിരുദവും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് നാഷണൽ ലോയിൽ പിജി ഡിപ്ലോമയും നേടിയ റെലെ തന്റെ മേഖല നൃത്തം തന്നെയാണെന്ന് തിരിച്ചറിയുകയും മുംബെയിൽ സ്ഥിരതാമസമാക്കിക്കൊണ്ട് മോഹിനിയാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു കനക് റെലെ.മുംബെ യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ഏഴാം വയസ്സിൽ ഗുരു കരുണാകരപ്പണിക്കരുടെ കീഴിലാണ് റെലെ കഥകളി അഭ്യസിച്ചത്. കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിൽ മോഹിനിയാട്ടം പരിശീലിച്ചു.സംഗീത നാടക അക്കാദമിയുടെ ഗ്രാന്റോടെയായിരുന്നു പഠനം.മോഹിനിയാട്ടത്തിലെ ആദ്യഗുരുക്കന്മാരായ കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ശൈലികൾ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്തശേഷം തികച്ചും സ്വതന്ത്രമായ ശൈലിയിൽ കനക് റെലെ സ്‌കൂൾ ഓഫ് മോഹിനിയാട്ടം എന്ന പേരിൽ മുംബെയിൽ നൃത്തവിദ്യാലയം ആരംഭിച്ചു.
മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും കനക് റെലെ വഹിച്ച പങ്ക് സ്തുത്യർഹമാണ്.നൃത്തരംഗത്ത് ഇന്ത്യയിലും വിദേശത്തും കോഴ്‌സുകൾ തുടങ്ങാൻ ഒട്ടേറെ സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും അവർ മാർഗദീപമായി. അവർ രചിച്ച പുസ്തകങ്ങൾ കേരള കലാമണ്ഡലത്തിലുൾപ്പെടെ പഠനവിഷയമാണ്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി തെറാപ്യൂട്ടിക് ചികിൽസയുടെ ഭാഗമായി കനക് റെലെ സംഘടിപ്പിച്ച നൃത്ത നാടകങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.'ശ്രീകൃഷ്ണ ലീല', 'അഹിംസ' തുടങ്ങിയ രണ്ടു നൃത്ത നാടകങ്ങളിൽ 50 വീതം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
പത്മഭൂഷണും പത്മശ്രീക്കും പുറമേ ഗുജറാത്ത് സർക്കാറിന്റെ ഗൗരവ് പുരസ്‌കാർ, കലാവിപഞ്ചി പുരസ്‌കാരം, മധ്യപ്രദേശ് സർക്കാറിന്റെ കാളിദാസസമ്മാനം, സംഗീതനാടക അക്കാദമി അവാർഡ്, എം.എസ് സുബ്ബലക്ഷ്മി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. യതീന്ദ്ര റെലെ ആണ് ഭർത്താവ്. രാഹുൽ ഏകമകനാണ്.