തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷനും പുരാവസ്തു ഗവേഷകനും ഗ്രന്ഥകാരനുമായ പട്ടം പനച്ചമൂട് ലെയ്നിൽ ശ്രീശൈലംവീട്ടിൽ ഡോ. ബി.എസ്.ഹരിശങ്കറി (56)അന്ത്യം അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചരിത്ര ഗവേഷകനും ആർക്കിയോളജിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഹരിശങ്കർ, വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ ശാസ്ത്രസെമിനാറിന്റെ മുഖ്യസംഘാടക സ്ഥാനത്തുനിന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു. സെമിനാർ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹരിശങ്കറിന്റെ ആകസ്മിക മരണവാർത്ത എത്തുന്നത്. ഇത് വിചാര കേന്ദ്രത്തിന്റെ ഭാരവാഹികൾക്കും ആഘാതമായി മാറി.

ഹൃദയാഘാതത്താലുള്ള അദ്ദേഹത്തിന്റെ വേർപാട് സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും വിജ്ഞാന കുതുകികൾക്കും വലിയൊരാഘാതമായി. കുടുംബപമായിത്തന്നെ അദ്ദേഹം വിചാര കേന്ദ്രത്തിന്റെ അംഗമായിരുന്നു. കേരള സർവകലാശാല ഡെപ്യൂട്ടി രജിസ്റ്റ്രാറായിരുന്ന അദ്ദേഹത്തിന്റെ അമ്മ ശ്യാമളാദേവിയുമായി കുഞ്ഞുനാൾ മുതൽ വിചാരകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന വ്യക്തിയാണ് ഹരിശങ്കർ. ചെറുപ്പത്തിലേ വിചാരകേന്ദ്രത്തിന്റെ പ്രവർത്തനശൈലിയിൽ അദ്ദേഹം ആകൃഷ്ടനായി. തികച്ചും അന്തർമുഖനായിരുന്ന അദ്ദേഹത്തിലെ വിജ്ഞാനപടുവിനെ പി.പരമേശ്വരൻ എന്ന അതുല്യസംഘാടകൻ തിരിച്ചിഞ്ഞ് ചെറിയ ചെറിയ കാര്യങ്ങൾ ഏൽപ്പിച്ചുതുടങ്ങി.

അദ്ദേഹവമായി പി.പരമേശ്വരൻ പുരാവസ്തുസംബന്ധമായി കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്തു. പുരാവസ്തു ശാസ്ത്രത്തിലെ ഹരിശങ്കറിന്റെ അഗാധപാണ്ഡിത്യം പുസ്തകരൂപത്തിലാക്കുന്നതിന് പി.പരമേശ്വരൻ നിരന്തരം അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായാണ് പത്തോളം ഗവേഷണ ഗ്രന്ഥങ്ങൾ നമുക്ക് ലഭിച്ചത്.

ചരിത്രവും പുരാവസ്തുശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായി. പൂന സർവകലാശാലയിൽ നിന്നു ഗവേഷണ ബിരുദം നേടിയ ഹരിശങ്കർ നിരവധി റിസർച്ച് ഫെലോഷിപ്പുകൾക്ക് അർഹനായി. ഇത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വിചാരകേന്ദ്രം പ്രവർത്തകർക്കും ഒരുപോലെ സന്തോഷകരമായ കാര്യമായിരുന്നു. രണ്ടു മൂന്ന് വർഷം ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ആർക്കിയോളജിയുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇറ്റലിയിലെ വെനീഷ്യൻ അക്കാദമി ഓഫ് ഇന്ത്യൻ സ്റ്റഡീസിലെ റിസർച്ച് അസോസിയേറ്റ് ആയുള്ള പ്രവർത്തനവും അക്കാദമികമായി മികവ് തെളിയിക്കാനുള്ള അവസരമാക്കി. ഇത്തരമൊരു വലിയ പ്രതിഭയുടെ അവിചാരിത അന്ത്യം വേഗത്തിൽ സംഭവിച്ചത് ഏറെ സങ്കടകരവും വിജ്ഞാനലോകത്തിന് വലിയ നഷ്ടവുമാണ് നിസംശയം പറയാം.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന്റെ തുടക്കത്തിലാണ് ഈ ദുഃഖ വാർത്ത വിചാരകേന്ദ്രത്തിലെത്തുന്നത്. തൊട്ടുമുന്നിലത്തെ രാത്രിയിലും പരിപാടികളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് പ്രവർത്തകരുമായി സംസാരിച്ചുറപ്പുവരുത്തിയ ഹരിശങ്കറിന് അനുശോചനമറിയിച്ചുകൊണ്ടാണ് പരിപാടി തുടങ്ങാനായത്. ഏതുതിരക്കുകൾക്കിടയിലും വിചാരകേന്ദ്രം പ്രവർത്തനത്തിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആർഎസ്എസ് പട്ടം ശാഖയിലൂടെയാണ് അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത്.

മാപ്പിള ലഹളയുടെ ചരിത്രപരവും ആർക്കിയോളജി പരവുമായ അറിവിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതും വിദഗ്ധരുടെ അവലോകനങ്ങൾക്ക് വിഷയമായവയുമായിരുന്നു. ഗഹനമായ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും ഉടമയായ പ്രതിഭയിൽ നിന്നും വിജ്ഞാനമേഖലയ്ക്ക് ഇനിയുമേറെ ലഭിക്കേണ്ടതായിരുന്നു.

പരേതനായ കെ.ജി.ഭാസ്‌കരൻ നായരുടെയും ബി.ശ്യാമള നായരുടെയും മകനാണ് ബി.എസ്.ഹരിശങ്കർ. പുണെ സർവകലാശാലയിൽനിന്ന് ആർക്കിയോളജിയിൽ ഡോക്ടറേറ്റ് നേടി. 'മിസിസിപ്പി ടു ഇന്ത്യ', 'ആർട്ട് ആൻഡ് ആർക്കിയോളജി ഓഫ് ഇന്ത്യ- സ്റ്റോൺ ഏജ് ടു പ്രസന്റ്', 'ബാറ്റിൽ ഫോർ ഇന്ത്യ' തുടങ്ങി ചരിത്രം, പുരാവസ്തു മേഖലയിൽ പത്തിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്.

ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ മ്യൂസിയത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും ഇറ്റലിയിലെ വെനീഷ്യൻ അക്കാദമി ഓഫ് ഇന്ത്യൻ സ്റ്റഡീസിൽ റിസർച്ച് അസോസിയേറ്റായും പ്രവർത്തിച്ചു. സെൻസർ ബോർഡ് അംഗവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഷിംലയിൽ അക്കാദമിക് കൗൺസിൽ അംഗവുമായിരുന്നു. പൗർണമി ശങ്കറാണ് ഭാര്യ. മകൻ ബാലസ്‌കന്ദ ശങ്കർ.