- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധിച്ചില്ല; പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചലിനു പോകാനിരിക്കെ റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം; ഡ്രീംലൈൻ ട്രാവൽ ഏജൻസി ഉടമയുടെയും ഭാര്യയുടെയും ദാരുണ മരണത്തിൽ തേങ്ങി പ്രവാസികൾ
ദുബായ്: ദുബായിൽ ദെയ്‌റയിൽ തീപിടുത്തത്തിൽ ദാരുണമായി മരിച്ച മലയാളി ദമ്പതികൾ പ്രവാസി ലോകത്തിന് നോവായി മാറുന്നു. നാട്ടിൽ ആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധാക്കാതെയാണ് ദമ്പതികൾ മരണത്തിന് കീഴടങ്ങിയത്. നാട്ടിൽ പുതിയതായി നിർമ്മിച്ച വീടിന്റെ പാലു കാച്ചലിനു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. ഈ വിവദം റിജേഷിന്റെ അടുത്ത സുഹൃത്തുക്കൾക്കും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രവാസ ലോകത്തിന് നോവായി മാറുകയാണ് ദമ്പതികളുടെ ദാരുണാന്ത്യം.
നാട്ടിലെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ലായിരുന്നു. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കൾ പറഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങളാൽ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളിവിടെ ഉണ്ട്.
സ്ഥാപനമുടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. നൂറുകണക്കിന് ബാച്ചിലേഴ്‌സ് അപ്പാർട്ട്‌മെന്റുകളുണ്ട്. മലയാളികളുടെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല.
ഇന്ത്യക്കാർക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല മുറികളിലും പല തട്ടുകളായി കട്ടിലുകൾ ഇട്ട് അഞ്ചും ആറും പേരാണ് താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്. കെട്ടിടത്തിനു പുറത്ത് ആളുകൾ കൂട്ടം കൂടിയതോടെ പൊലീസ് എത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചു വിട്ടു.
അപകടത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ചിലരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അപകട ദൃശ്യങ്ങൾ പകർത്തുന്നതു രാജ്യത്തു കുറ്റകരമാണ്. അപകടം എത്ര വലുതാണെന്നോ, എത്ര പേർക്ക് ഉൾപ്പെട്ടിട്ടുണ്ടെന്നോ ആദ്യ ഘട്ടത്തിൽ വിവരം ലഭിച്ചിരുന്നില്ല. മരിച്ചവരുടെ തുടർ നടപടികൾക്കായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി എത്തിയ ശേഷമാണ് മരിച്ചവരുടെ കണക്കു പുറത്തു വന്നത്.
രണ്ട് മലയാളികളും രണ്ട് തമിഴ്‌നാട് സ്വദേശികളും രക്ഷാപ്രവർത്തകരും ഉൾപ്പടെ 15 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. ജീവൻ നഷ്ടമായവരിൽ പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും ഉൾപ്പെടുന്നു. പുക ശ്വസിച്ചാണ് റിജേഷിന്റെയും ഭാര്യയുടെയും മരണം. ഇവരുടെ മുറിയോട് ചേർന്നുള്ള മുറിയിലാണ് തീപിടത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.