കൊച്ചി: സൗദിയിലെ ഹഫർ അൽ ബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ട സ്റ്റാഫ് നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം. എംസിഎച്ച് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലപ്പുറം എടപ്പറ്റ സ്വദേശി റിന്റുമോളിന്റെ (27) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക് ,സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായത്. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി സംസ്‌കാരം നടത്തി.

സൗദി അറേബ്യയിലെ ഹഫർ അൽബാത്തിനിലായിരുന്നു മരണം. ഹഫർ അൽബാത്തിനിലെ മറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്തുവരികയായിരുന്നു. മാളിയേക്കൽ ജോസ് വർഗീസ്-മേരിക്കുട്ടി ദാമ്പതികളുടെ മകളാണ്. വിവാഹോലചനയുമായി ബന്ധപ്പെട്ട് നാട്ടിൽ പോയ റിന്റു മോൾ ഇരുപത് ദിവസം മുമ്പാണ് സൗദിയിൽ മടങ്ങിയെത്തിയത്. നവംബർ 13നാണ് തിരിച്ച് ജോലിയിൽ പ്രവേശിച്ചത്.

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചു. റോബിൻ ജോസ് ഏക സഹോദരനാണ്.