- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തി അനന്തുവിന് യാത്രാമൊഴി
തിരുവനന്തപുരം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് അനന്തുവെന്ന് ബിഡിഎസ് വിദ്യാർത്ഥിയുടെ വിടവാങ്ങൽ. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച അനന്തുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നാടും നാട്ടുകാരും നൽകിയത്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്‌കരിച്ചു.
ഡോക്ടറായി അനന്തുവിനെ കാണാൻ കൊതിച്ച നാട്ടിലേക്കുള്ള അനന്തുവിന്റെ അവസാനയാത്ര നാടിന് തീരാനൊമ്പരമായി മാറി. മകന്റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ ഒരു നാടിനെ കണ്ണീരിലാഴ്‌ത്തി. അലമുറയിട്ടു കരയുന്ന മാതാവിനെ ആശ്വാസിപ്പിക്കാർ ആർക്കും കഴിയുമായിരുന്നില്ല. ഇന്നലെ രാവിലെ അമ്മയ്ക്ക് ഉമ്മയും നൽകി യാത്രപറഞ്ഞ മകനാണ് ടിപ്പർ ലോറിയുടെ ചീറിപ്പായലിൽ കല്ലു തെളിച്ചു വീണു മരിച്ചത്.
മകന്റെ വിയോഗം അറിഞ്ഞ് നെഞ്ച് പൊട്ടി കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും നാട്ടുകാർക്കായില്ല. ഒരു നാട് മുഴുവൻ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളേജിലേക്ക് യാത്ര തിരിച്ചത്. ഡോ.അനന്തു എന്ന് ബോർഡ് വയ്ക്കാൻ ആഗ്രഹിച്ച അനന്തുഭവനിലേക്ക്, 24 മണിക്കൂർ കഴിഞ്ഞ് അനന്തു എത്തുന്നത് ചേതനയറ്റ ശരീരമായാണ്. ഒരു നാട് പലതവണ മുന്നിൽക്കണ്ട ദുരന്തം ഒടുവിൽ തേടിയെത്തിയത് നാടിന് ആകെ പ്രതീക്ഷയായ 26ക്കാരനെയാണ്. പ്രവാസിയായ അജികുമാർ മകന്റെ മരണവിവരം അറിഞ്ഞ് പുലർച്ചയോടെ നാട്ടിലെത്തിയിരുന്നു.
നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥിയാണ് അനന്തു.കോളേജിലെ പൊതുദർശനവും സങ്കടക്കാഴ്ചയായി. നൂറുകണക്കിനാളുകൾ മുക്കോലയിലെ അനന്തുവിന്റെ വീട്ടിലെത്തി. ഒരു ഉറപ്പിനും ഇനി ഒരു പരിഹാരമാർഗത്തിനും അനന്തുവിന്റെ ജീവൻ തിരികെ നല്കാനാകില്ല. ഒരു കുടുംബത്തിന്റെ കണ്ണീരും വേദനയും മാത്രം ബാക്കിയാവുകയാണ്.
ബാലരാമപുരം-മുക്കോല റോഡിൽ മണലി മുള്ളുമുക്കിൽ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ടിപ്പർ ഉടമയും ഡ്രൈവറുമായ ഒറ്റശേഖരമംഗലം എടവാൽ അരികത്തുവിള ട്വിൻസ് ഭവനിൽ ബി.എസ്. ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അജികുമാറിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം കൊടുക്കാൻ സർക്കാരോ വിഴിഞ്ഞം തുറമുഖ അധികാരികളോ മുമ്പോട്ട് വന്നിട്ടില്ല. അപകടകരമാം വിധമാണ് കരിങ്കല്ല് കൊണ്ടു പോകുന്നത് എന്നതിന് തെളിവാണ് ഈ അപകടം. ലോറിയിൽ കുത്തി നിറച്ച് അധിക കല്ല് വിഴിഞ്ഞത്ത് എത്തിക്കുന്നു.
വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് കരിങ്കല്ലുകൊണ്ട് പോവുകയായിരുന്നു ടിപ്പർ. റോഡിലെ കുഴിയിൽ ടിപ്പർ ചാടിയപ്പോൾ കരിങ്കല്ല് അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കല്ല് മുഖത്തും നെഞ്ചിലും വീണ് താടിയെല്ലുകളും വാരിയെല്ലുകളും പൊട്ടി. സ്‌കൂട്ടർ നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ച് അനന്തു തെറിച്ചുവീണു. റോഡിന്റെ നിലവാരവും അപകടകാരണമായി. അതുകൊണ്ട് തന്നെ സർക്കാരിനും ഈ വിഷയത്തിൽ മാറി നിൽക്കാൻ കഴിയില്ല. മനുഷ്യാവകാശ കമ്മീഷൻ കേസ് മാത്രമാണ് ഏക ആശ്വാസം.
അപകടത്തിനിടയാക്കിയെ ടിപ്പറിനെ വിഴിഞ്ഞം പൊലീസ് പോകാൻ അനുവദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ പിൻതുടർന്ന് മുല്ലൂരിൽ വച്ചാണ് ടിപ്പർ തടഞ്ഞത്. ടിപ്പർ പന്നീട് പൊലീസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുറമുഖ കവാടത്തിലും നാട്ടുകാർ പ്രതിഷേധിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ ബി.ഡി.എസ്. നാലാംവർഷ വിദ്യാർത്ഥിയാണ് അനന്തു. പഠനത്തിൽ മിടുക്കനായിരുന്നു അനന്തു. പ്രവാസിയായ എം. അജികുമാറിന്റെയും പി.എസ്. ബിന്ദുവിന്റെയും മകനാണ്. സഹോദരി: അരുണ ബി. അജികുമാർ (വിദ്യാർത്ഥിനി, എം.ഇ.എസ്. കോളേജ്, മണ്ണാർക്കാട്).