വൈറ്റില: കോളേജ് കാലത്ത് പ്രസംഗവേദികളിൽ നിറസാന്നാധ്യമായി വ്യക്തിത്വം. പി ടി തോമസിന്റെ ശിഷ്യനായി കെഎസ് യു രാഷ്ട്രീയത്തിൽ സജീവമായി പിന്നീട് മാധ്യമപ്രവർത്തന രംഗത്തേക്ക് ചുവടു വെച്ച ശേഷം പിന്നീട് സർക്കാർ ഉദ്യോഗസ്ഥാനായി. പൊന്നുരുന്നി നാരായണ നാശാൻ റോഡ് ചുഴിക്കുന്നേൽ ജി. അനിൽ ഷിബു (54)വിന്റെ നിര്യാണത്തിൽ സുഹൃത്തുക്കൾ അശ്രുപൂജകൾ അർപ്പിക്കുകയാണ്.

തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായിരുന്നു ഷിബു. കുറച്ചുകാലമായി രോഗാവസ്ഥയെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രോഗാവസ്ഥയിൽ നിന്നും തിരികെ കയറുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി ഷിബിവിന്റെ വിടവാങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേദനയായി.

കൗമാരകാലത്ത് കോട്ടയം ബസേലിയോസ് കോളേജ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു അദ്ദേഹം. കെ.എസ്. യുവിന്റെ നേതാവായാണ് കൗൺസിലറായത്. തീപ്പൊരു പ്രാസംഗികനായിരുന്ന ഷിബു അക്കാലത്ത കോളേജുകളെ പ്രസംഗവേദികളിലെ നിത്യസാന്നിധ്യമായിരുന്നു. പി ടി തോമസ് എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അനിൽ ഷിബു.

പിന്നീട് കാക്കനാട് പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസം പാസായ ശേഷം കുറച്ച് നാൾ മാധ്യമ പ്രവർത്തകനായും ജോലി ചെയ്തു. കുറച്ചു കാലം ചന്ദ്രികയിൽ മാധ്യമ പ്രവർത്തനം നടത്തിയ ഷിബു പിന്നീട് മാധ്യമ മേഖലയിൽ നിന്നും പിന്മാങ്ങി സർക്കാർ ഉദ്യോഗസ്ഥനാകുകയായിരുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

വിശാലമായ സൗൃഹൃദ ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ: അപർണ.( ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, മേജർ ഇറിഗേഷൻ വകുപ്പ്, കാക്കനാട് ).മക്കൾ: അമിത് ഷിബു, അമേയ ഷിബു.സംസ്‌കാരശുശ്രൂഷ തിങ്കളാഴ്ച 11-ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് എറണാകളം സെമിത്തേരി മുക്കിലെ സി.എസ്‌ഐ. പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

അനിൽ ഷിബുവിനെ കുറിച്ച് സുഹൃത്തായ മാധ്യമപ്രവർത്തകൻ ജിജോ സിറിയക് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്..

പ്രസംഗമത്സര വേദികളിലാണ് അനിൽ ഷിബുവിനെ പരിചയപ്പെട്ടത്.... ആരുമായും പെട്ടെന്ന് കൂട്ടാകും... ആ സരസ ഭാഷണം കേട്ട് എത്രനേരം വേണമെങ്കിലും ഇരിക്കാം.... ആകാശത്തിന് താഴെയും മുകളിലുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കും... തർക്കിക്കും... പാടും, വരയ്ക്കും... വേണ്ടിവന്നാൽ കഥകളിയും ഓട്ടൻതുള്ളലും വരെ എടുത്ത് പ്രയോഗിക്കും... പൊടിക്കഥകളുടെ ഒരു വലിയ ഡപ്പിയായിരുന്നു അനിൽ...ഒരു നവലോകം സ്വപ്നം കണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ അനിൽ ഷിബു തിളങ്ങി നിന്നു...

ഞാൻ മഹാരാജാസിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ പെട്ടെന്ന് പൊട്ടിവീഴും.. പല രാത്രികളും ഞങ്ങൾ സംസാരിച്ച് വെളുപ്പിച്ചെടുത്തിരുന്നു... കൂട്ടിന് ഷാജൻ സ്‌കറിയയും.സന്തോഷ് ജോർജുമൊക്കെ ഉണ്ടാകും... ഷാജനും അനിൽ ഷിബുവും തമ്മിലുള്ള താത്വിക തർക്കങ്ങൾ പലപ്പോഴും തീപ്പൊരി പടർത്തും...... അന്ന് ഇരുവരും തിരുവനന്തപുരത്ത് ഒരു പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.... അനിൽ ഷിബു അറിയപ്പെടുന്ന ഒരു പ്രഭാഷകനും മാധ്യമ പ്രവർത്തകനുമൊക്കെ ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.... പക്ഷേ,അല്പകാലത്തെ എഴുത്തു ജീവിതത്തിന് ശേഷം ആൾ സർക്കാർ ഉദ്യോഗസ്ഥനായി.... തിരുവനന്തപുരംകാരനായി.... കൂടിക്കാഴ്ചയും വിളിയും കുറഞ്ഞെങ്കിലും അടുപ്പത്തിന്റെ ഇഴകൾക്ക് ബലം കുറഞ്ഞില്ല... ഇപ്പോഴിതാ കുറേ ഓർമകളിലേക്ക് നമ്മളെ പെട്ടെന്ന് തള്ളിയിട്ടിട്ട് എന്നേക്കുമായി യാത്ര പറഞ്ഞിരിക്കുന്നു..... സൗഹൃദ സദസുകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തീ കൊളുത്തിയിരുന്ന ചങ്ങാതി ഒടുക്കം കണ്ണീരിലേക്കാണ് ഞങ്ങളെ വലിച്ചിട്ടത്....വിട.... പ്രിയ സുഹൃത്തിന്...