കൊല്ലം: ഇടതു രാഷ്ട്രീയത്തിന്റെ പ്രയോക്താവായിരുന്നു അന്തരിച്ച ആർഎസ്‌പി നേതാവ് ടി ജെ ചന്ദ്രചൂഡൻ. അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലെ ദേശീയ മുഖമായിരുന്നു അദ്ദേഹം. പിൽക്കാലത്ത് കേരളത്തിലെ ആർഎസ്‌പി യുഡിഎഫിലേക്ക് പോയതോടെ രാഷ്ട്രീയ വിരാമം ഇടുകയായിരുന്നു. സിപിഎം വിഭാഗീയ കാലത്തും വിഎസിനും പിണറായിക്കും ഇടയിലെ കാറ്റലിസ്റ്റായി നിന്നതാണ് അദ്ദേഹം.

വിഎസിനൊപ്പം ഉറച്ചു നിന്നു പല കാര്യങ്ങളിലും വാദിച്ചെങ്കിലും അദ്ദേഹം പിണറായിയെ പിണക്കിയതുമില്ല. ആർ.എസ്‌പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണിയാണ് ചന്ദ്രചൂഡൻ. രാഷ്ട്രീയത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത ശൈലി സ്വീകരിച്ചിരുന്നു അദ്ദേഹം. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകൾ ചിലപ്പോൾ കർശനമാകും . അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവർക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല.

അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു ചന്ദ്രചൂഡൻ. സാധാരണ രാഷ്ട്രീയക്കാരായി തുടങ്ങി ആർഎസ്‌പിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേകക് വരെ അദ്ദേഹം ഉയർന്നിരുന്നു.

യുഡിഎഫിലേക്ക് ആർ എസ് പി കൂടുമാറിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പിൻവാങ്ങിയ ചന്ദ്രചൂഡൻ കേരളാ രാഷ്ട്രീയത്തിൽ സമീപ കാലത്ത് സജീവമായിരുന്നില്ല. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നിലവിൽ ആർ എസ് പി സംസ്ഥാന കമ്മറ്റിയിൽ ക്ഷണിതാവായിരുന്നു ചന്ദ്രചൂഡൻ.
1940 ഏപ്രിൽ 20ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ബിഎ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർഎസ്‌പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു.

1969-1987 കാലയളവിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2018 വരെ പദവിയിൽ തുടർന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എൽഡിഎഫ് വിട്ട് ആർഎസ്‌പി യുഡിഎഫിലേക്ക് പോയ ഘട്ടത്തിൽ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാർട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും ഇടത് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണിയിൽ ഉണ്ടായിരിക്കെ, പലപ്പോഴും സിപിഎം നിലപാടിനെ തുറന്നെതിർത്തിരുന്നു. നിലവിൽ ആർഎസ്‌പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ.ബാലകൃഷ്ണൻ: മലയാളത്തിന്റെ ജീനിയസ്, മാർക്സിസം എന്നാൽ എന്ത്? തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.