കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ്മ. കോടിയേരിയുടെ മൃതദേഹം പയ്യാമ്പത്ത് സംസ്‌ക്കരിച്ചു. അണികളുടെ നെഞ്ചുപൊട്ടുന്ന മുദ്രാവാക്യം വിളിക്കിടെയായിരുന്നു പ്രിയ നേതാവിന്റെ അന്ത്യയാത്ര. 'ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. പ്രിയ സഖാവ് മരിക്കുന്നില്ലെന്ന് സഖാക്കൾ മുദ്രാവാക്യം മുഴക്കി. വിതുമ്പലും വിങ്ങലുമടക്കി സഖാക്കൾ തങ്ങളുടെ നായകന് ഹൃദയാഭിവാദ്യമേകി വിടചൊല്ലിയത്. പ്രിയസഖാവിനെ ചിതയിലേക്ക് എടുക്കുന്ന നിമിഷം വരെ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു.

ധീരനേതാക്കളുറങ്ങുന്ന സ്മൃതികുടീരത്തിന് സമീപമൊരുക്കിയ ചിതയിൽ ഇനി കോടിയേരി ബാലകൃഷ്ണനെന്ന ജനനായകൻ അന്ത്യവിശ്രമം കൊള്ളുന്നത്. ഇനി കോടിയേരി ഒരു ജ്വലിക്കുന്ന സ്മരണയായി മാറും. തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകൾ ആരംഭിച്ചത്. ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തോടു ചേർന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്. സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി പ്രിയപത്നി വിനോദിനിയും മക്കൾ ബിനിഷ്, ബിനോയ് കോടിയേരിയും മറ്റ കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ മുതിർന്ന നേതാക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. മുഖ്യമന്ത്രി പിണറായി, സീതാറാം യെച്ചൂരി, എം എ ബേബി, പ്രകാശ് കാരാട്ട എന്നിവർ ചേർന്നാണ് കോടിയേരിയുടെ ശവമഞ്ചം ചുമന്നത്. അഴീക്കോടൻ സ്മാരകം മുതൽ പയ്യാമ്പലം വരെ കാൽനടയായി കോടിയേരിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ചു. പയ്യാമ്പലത്തൊരുക്കിയ ചിതയിലേക്കാണ് നാല് പോളിറ്റ്ബ്യൂറോ അംഗങ്ങൾ ചേർന്ന് കോടിയേരിയുടെ ഭൗതിക ദേഹത്തെ എത്തിച്ചത്.

ഭാര്യ വിനോദിനി അന്ത്യം ചുംബനം നൽകിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
അതിവൈകാരിക നിമിഷങ്ങൾക്കാണ് പയ്യാമ്പാലവും തലശ്ശേരിയും കഴിഞ്ഞ മണിക്കൂറുകളിൽ സാക്ഷിയായത്. ധീരനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലേയും ഇന്നുമായി തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയ ജാതിമതഭേദമന്യേ അവർ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു.

കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാൽ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച അഴീക്കോടൻ മന്ദിരത്തിൽ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ കാൽനടയായിട്ടാണ് നേതാക്കളും പ്രവർത്തകരും ആംബുലൻസിനെ അനുഗമിച്ചത്. മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൗൺ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേർന്നിരുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൗൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും തടിച്ച് കൂടിയിരുന്നു.

ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്.

 

വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ അടച്ചിട്ടു.