തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് പൊതുജനങ്ങൾക്കായി തുറന്നുവെച്ച ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് ഇരുമ്പുമറകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. ജനങ്ങൾക്കിടയിൽ അലിഞ്ഞു ചേർന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ പ്രിയ നേതാവിനെ യാത്രയാക്കാൻ അനിയന്ത്രിതമായ ആൾക്കൂട്ടമാണ് എങ്ങും. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം വലിയ ജനസഞ്ചയം തന്നെ റോഡിന് ഇരുവശത്തുമായി ഉണ്ടായിരുന്നു.

ജഗതിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു. 'ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് നാം കടന്നുപോകുന്നത്. വിദ്യാർത്ഥി ജീവിത കാലത്ത് തന്നെ സംഘടനാപ്രവർത്തനത്തിൽ മുഴുകിയ ഉമ്മൻ ചാണ്ടി പിന്നീട് ഓരോഘട്ടത്തിലും വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു.

അന്നത്തെ വിദ്യാർത്ഥി-യുവജന പ്രവർത്തകൻ എന്ന നിലയ്ക്കുള്ള വീറും വാശിയും ജീവിതത്തിന്റെ അവസാന കാലം വരെ നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീർഘകാലത്തെ നിയമസഭ പ്രവർത്തനത്തിന്റെ അനുഭവവും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന അനുഭവവും രണ്ടുതവണ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ സഹായിച്ചു.

എല്ലാ ഘട്ടത്തിലും മനുഷ്യസ്നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നു. രാഷ്ട്രീയമായി ഞങ്ങൾ രണ്ടു ചേരിയിൽ ആയിരുന്നെങ്കിലും ആദ്യം മുതൽക്കുതന്നെ നല്ല സൗഹൃദം പുലർത്തിപ്പോരാൻ സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലർത്തിയ സമീപനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും കോൺഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവർത്തിച്ചുവന്ന അദ്ദേഹം, ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി തന്നെ മാറുകയുണ്ടായി. കേരള പൊതുസമൂഹത്തിന് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ തീരാനഷ്ടമാണ് സംഭവിക്കുന്നത്. അതോടൊപ്പം കോൺഗ്രസ് പാർട്ടിക്കും ഇന്നത്തെ സാഹചര്യത്തിൽ നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.

ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ദർബാർ ഹാളിൽ എത്തിക്കുകയായിരുന്നു. ദർബാർ ഹാളിൽ വൻ ജനക്കൂട്ടമാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ ഒഴുകി എത്തുന്നത്. ആൾത്തിരക്ക് കാരണം മടങ്ങേണ്ടി വരുന്ന ആളുകളും അനവധിയാണ്. നേരത്തെ അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

2.20ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി വസതിയൽ എത്തിയത്.

പ്രവർത്തകരും നേതാക്കളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികിൽ കാത്തുനിന്നത്. സിപിഎം നേതാവ് പിജയരാജൻ വിലാപയാത്രയ്ക്കിടെ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമർപ്പിക്കാനായി വാഹനവ്യൂഹം അൽപസമയം നിർത്തി.

ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനമുണ്ടാകും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും

സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകൾ.

കർണാടക മുന്മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.