കൊച്ചി: ഉത്സവപറമ്പുകളിലും കോളേജുകളിലുമെല്ലാം ബ്രേയ്ക്ക് ഡാൻസുകളെല്ലാം തരംഗമായി നിന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് സ്‌റ്റേജ് ഷോകളിലെ സൂപ്പർസ്റ്റാറായിരുന്നു അപ്രതീക്ഷിതമായി വിട വാങ്ങിയ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ. ഡാൻസിന് വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു രാജേഷിന്റേത്. മലയാളത്തിലെ സൂപ്പർഹിറ്റായ ചാനൽ ഷോകളിലും റിയാലിറ്റി ഷോകളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം വൻ ശിഷ്യഗണം തന്നെ ഡാൻസിന്റെ മേഖലയിൽ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇന്ന് പുലർച്ച് പുറത്തുവന്ന രാജേഷിന്റെ മരണവാർത്ത എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മിനി സ്‌ക്രീനിൽ അടക്കം വിശാലമായ സൗഹൃദ വലയം രാജേഷ് മാസ്റ്ററിനുണ്ടായിരുന്നു. കൊച്ചി സ്വദേശിയായ രജേഷിന്റെ ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ജീവിതത്തോടെ പോസിറ്റീവ് സമീപനമുള്ള ്‌വ്യക്തിത്വമായിരുന്നു രാജേഷിന്റേത്. ഈ പോസിറ്റിവിറ്റി തന്റെ ശിഷ്യർക്കും അദ്ദേഹം പകർന്നു നൽകിയിരുന്നു. അങ്ങെനെയുള്ള വ്യക്തി ജീവനൊടുക്കി എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായി മാറി.

കൈരളി ടിവിയിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫർ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു രാജേഷ്. ഒരുകാലത്ത് ഏറെ സൂപ്പർഹിറ്റായിരുന്ന ഷോയായിരുന്നു താരോത്സവം. ചാനലുകളുടെ അവാർഡ് ഷോകളിലെയും അണിയറക്കാരനായി ശോഭിച്ച രജേഷ് അടുത്തകാലത്ത് ശ്രദ്ധ പതിപ്പിച്ചത് സുംബ ഡാൻസിലായിരുന്നു. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടായിയിരുന്നു രാജേഷ്. ഈ ഗ്രൂ്പ്പുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ പേർ ഇദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്.

ചാനലുകളുമാി ബന്ധപ്പെട്ട് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചാനൽ ഷോകൾക്ക് വേണ്ടി രാജേഷ് മാഷ് രൂപകൽപ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം .ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. സിനിമാക്കാരായ നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. 'വിശ്വസിക്കാൻ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികൽപ്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്ത് കളയുന്നു'- എന്നാണ് ബീന ആന്റണി കുറിച്ചത്. 'ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റർ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്നാണ് ദേവി ചന്ദന കുറിച്ചത്.