- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലം; ശ്വാസകോശത്തിൽ രക്തം തളം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർക്ക് രക്ഷകനായ കാടിനെ അറിയുന്ന ശക്തിവേലിന്റെ വിയോഗത്തിൽ തേങ്ങൽ
മൂന്നാർ: ചിന്നക്കനാൽ ഫോറസ്റ്റ് സെക്ഷനിലെ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലമെന്ന് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പുലർച്ചെയാണ് പൂർത്തിയാക്കിയത്. പുറമെ കാര്യമായ പരിക്കുകളൊന്നും കാണാനില്ലായിരുന്നു.
തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം ഏറെക്കുറെ സ്ഥിരീകരിച്ചത്. ശ്വാസകോശത്തിൽ രക്തം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി മരണം സംഭവിച്ചതായിട്ടാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയിരുന്നു. കൈയിൽ തൂക്കി എറഞ്ഞതിനാൽ തോളെല്ലിന് സാരമായി പരിക്കേറ്റിരുന്നു.
നവംബർ 29നു കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ 'മുറിവാലൻ കൊമ്പൻ' എന്ന ഒറ്റയാനെ ശകാരിച്ചു കാട്ടിലേക്കു കയറ്റിവിടുന്ന വനം വകുപ്പ് ശക്തിവേലിന്റെ വീഡിയോ വൈറലായിരുന്നു. ഇന്നലെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ശക്തിവേൽ മരിച്ചത്.
വന്യജീവികളുടെ നീക്കങ്ങൾ നന്നായി അറിയാവുന്ന, കാടിനെ അടുത്തറിയാവുന്ന വാച്ചറായിരുന്നു ശക്തിവേൽ. ആനയിറങ്കൽ മേഖലയിൽ ശക്തിവേലിനെ റോഡിൽ കണ്ടാൽ സമാധാനത്തോടെ യാത്ര ചെയ്യാമെന്നാണു ഡ്രൈവർമാർ പറയാറുള്ളത്. 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയുടെ മുന്നിൽപെട്ട ബൈക്ക് യാത്രക്കാരെ ഒരാഴ്ച മുൻപു ശക്തിവേൽ രക്ഷപ്പെടുത്തിയിരുന്നു.
ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ആത്മവിശ്വാസവും ഒരു മുളവടിയും മാത്രമായിരുന്നു ശക്തിവേലിന്റെ കൈമുതൽ. കഴിഞ്ഞ ദിവസം ആനയിറങ്കൽ ബോട്ട് ലാൻഡിങ്ങിലെത്തിയ അരിക്കൊമ്പനെയും ഒച്ചവച്ചു തുരത്തി. ഇന്നലെ രാവിലെ 6നു വീട്ടിൽ നിന്നിറങ്ങി. അര മണിക്കൂറിനുള്ളിൽ പന്നിയാർ എസ്റ്റേറ്റിനു സമീപമെത്തി. ആൾത്താമസമില്ലാത്ത ഈ തോട്ടം മേഖലയിലാണ് 6 പിടിയാനകളും 2 കുട്ടിയാനകളും നിലയുറപ്പിച്ചിരുന്നത്. മൂടൽമഞ്ഞിൽ ആനകൾ മുന്നിലെത്തിയതു കാണാനായില്ല.
ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനശല്യം രൂക്ഷമായതോടെ തദ്ദേശീയരായ വാച്ചർമാരെ നിയമിക്കാൻ വനം വകുപ്പ് തീരുമാനിച്ചത് 2014ലാണ്. ആദ്യം ശക്തിവേലും പിന്നീട് 23 പേരും വാച്ചർമാരായി ചേർന്നു. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അവാർഡ് ശക്തിവേൽ ഉൾപ്പെടുന്ന എട്ടംഗ ദ്രുതപ്രതികരണ സേനയ്ക്കു ലഭിച്ചിരുന്നു.
മറുനാടന്‍ മലയാളി ലേഖകന്.