ലണ്ടൻ: മലയാളവും തമിഴുമുൾപ്പെടെ ദ്രാവിഡഭാഷകൾ പഠിച്ച് അമൂല്യമായ സാഹിത്യ കൃതികൾ ഇംഗ്ലീഷ് വിവർത്തനങ്ങളിലൂടെ ലോകമെങ്ങും എത്തിച്ച ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ റൊണാൾഡ് ഇ. ആഷർ (ആർ.ഇ.ആഷർ) അന്തരിച്ചു. 96 വയസ്സായിരുന്നു. സ്‌കോട്ലാന്റിലെ എഡിൻബർഗിലായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ മകൻ ഡോ. ഡേവിഡ് ആഷർ തന്റെ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. മലയാളികൾക്ക് ആഷർ പരിചിതനാവുന്നത് ബഷീർ കൃതികളുടെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെയാണ്.

മലയാളവും തമിഴുമുൾപ്പെടെയുള്ള ദ്രാവിഡഭാഷകളെപ്പറ്റി പഠിക്കാനുള്ള താൽപര്യമാണ് ദക്ഷിണേന്ത്യയുമായി പ്രൊഫ. ആഷറെ ബന്ധപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ വായ്മൊഴി സ്വഭാവമുള്ള കഥകളെ അനായാസമായി അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാർ പദങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ദ്രാവിഡ ഭാഷയിലെ സാഹിത്യ കൃതികൾ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയതിലൂടെയും പ്രശസ്തനാണ് അദ്ദേഹം. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറിൽ ജനിച്ച പ്രൊഫ. ആഷർ കിങ് എഡ്വാർഡ് ഗ്രാമർ സ്‌കൂളിലാണ് പഠിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫെനറ്റിക്സിൽ ഉന്നതപഠനം നേടിയ ശേഷം ഫ്രഞ്ച് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആപ്രിക്കൻ സ്റ്റഡീസിൽ അദ്ധ്യാപകജീവിതമാരംഭിച്ച ആഷർ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപഠനവഭാഗവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ടു.

1955 ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച് ഡി നേടിയ ആഷർ, തമിഴ് ഭാഷാഗവേഷണത്തിന് നാലുവർഷം ഇന്ത്യ, പാക്കിസ്ഥാൻ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. 1965 മുതൽ 1993 വരെ എഡിൻബറോ യൂണിവേഴ്സിറ്റി പ്രഫസർ ആയി പ്രവർത്തിച്ചു. 1968 ൽ മിഷിഗൻ യൂണിവേഴ്സിറ്റി, 1995 ൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയിൽ മലയാളം വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു.

തമിഴ് ഭാഷയിലാണ് ആദ്യത്തെ ഭാഷാപഠനഗവേഷണം അദ്ദേഹം ആരംഭിക്കുന്നത്. എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്രവിഭാഗം പ്രൊഫസറായി ജോലി ചെയ്തുവരനേ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തമിഴ് റിസർച്ച് ഫോറം പ്രസിഡണ്ടായി. തമിഴിൽ നിന്നാണ് മലയാളഭാഷയോടുള്ള താൽപര്യം അദ്ദേഹത്തിനുണ്ടാവുന്നത്.

1947-ൽ തകഴിയുടെ 'തോട്ടിയുടെ മകൻ' സ്‌കാവഞ്ചേഴ്സ് സൺ എന്ന പേരിൽ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തു. ബഷീർ കുടുംബവുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്ന ആഷറിന് ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു എന്ന കഥയിലെ കുഴിയാനയെ വീടിന്റെ പിറകിലെ മണ്ണിൽനിന്നു തിരഞ്ഞെടുത്ത് ഇലയിലാക്കി കാണിച്ചുകൊടുത്ത ഓർമയാണ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ പങ്കുവെക്കുന്നത്.

തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ, മുട്ടത്തുവർക്കിയുടെ ഇവിൾ സ്പിരിറ്റ്, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ തുടങ്ങിയവയും ആഷറാണ് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്. പെൻഗ്വിൻ സാഹിത്യസഹായി എന്ന റഫറൻസ് ഗ്രന്ഥത്തിൽ മലയാള സാഹിത്യകാരന്മാരെക്കുറിച്ച് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കേരളത്തിൽ ഏറെക്കാലം താമസിച്ച് മലയാള ഭാഷയെക്കുറിച്ച് ഗവേഷണപഠനങ്ങൾ നടത്തി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.