കൊല്ലം: ആർ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. 83 വയസ്സായിരുന്നു. കേരള രാഷ്ട്രീയത്തിൽ 90കളിൽ നിറഞ്ഞു നിന്ന ഇടതുപക്ഷത്തെ കരുത്തനായ നേതാവായിരുന്നു ചന്ദ്രചൂഡൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. യുഡിഎഫിലേക്ക് ആർ എസ് പി കൂടുമാറിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പിൻവാങ്ങിയ ചന്ദ്രചൂഡൻ കേരളാ രാഷ്ട്രീയത്തിൽ സമീപ കാലത്ത് സജീവമായിരുന്നില്ല.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നിലവിൽ ആർ എസ് പി സംസ്ഥാന കമ്മറ്റിയിൽ ക്ഷണിതാവായിരുന്നു ചന്ദ്രചൂഡൻ.
1940 ഏപ്രിൽ 20ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ബിഎ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർഎസ്‌പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു.

1969-1987 കാലയളവിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2018 വരെ പദവിയിൽ തുടർന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എൽഡിഎഫ് വിട്ട് ആർഎസ്‌പി യുഡിഎഫിലേക്ക് പോയ ഘട്ടത്തിൽ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാർട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും ഇടത് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണിയിൽ ഉണ്ടായിരിക്കെ, പലപ്പോഴും സിപിഎം നിലപാടിനെ തുറന്നെതിർത്തിരുന്നു.

നിലവിൽ ആർഎസ്‌പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ.ബാലകൃഷ്ണൻ: മലയാളത്തിന്റെ ജീനിയസ്, മാർക്സിസം എന്നാൽ എന്ത്? തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.