- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎഫിന്റെ പകരക്കാരനാകാനുള്ള പ്രതീക്ഷ ഇല്ലാതായത് മാനസികമായി തകർത്തു; മകന്റെ വിവാഹ ശേഷം ഉണ്ടായ അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനായില്ല; സജിത്ത് ജോസഫും സംഘവും പ്രാർത്ഥിച്ച് സുഖപ്പെടുത്തുമെന്ന് കരുതി കാത്തിരുന്നപ്പോൾ അകാല വാർദ്ധക്യത്തിന് ഇരയായി; സാജൻ ഫ്രാൻസിസിന്റെ ജീവിതവും മരണവും ചങ്ങനാശ്ശേരിക്കാരെ സങ്കടപ്പെടുത്തുമ്പോൾ

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചത് രാഷ്ട്രീയ മോഹങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ. ചങ്ങനാശ്ശേരി മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരനാണ്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷമാണ് സാജൻ ഫ്രാൻസിസ് നഗരസഭാ അധ്യക്ഷനായത്. പിജെ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയായിരുന്നു നേട്ടം. പക്ഷേ ചേട്ടന്റെ പിൻഗാമിയായി എംഎൽഎയാകണമെന്നതായിരുന്നു മോഹം. പക്ഷേ പിജെ ജോസഫിന്റെ കൂടെ നിന്നിട്ടും അത് നടന്നില്ല. ഇത് സാജൻ ഫ്രാൻസിസിന് നിരാശയായി മാറുകയും ചെയ്തു.
യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു ചങ്ങനാശേരി. എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു. ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.
അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്. വിപ്പ് ലംഘനത്തിൽ കുടുങ്ങാതിരിക്കാനായിരുന്നു ജോസ് കെ മാണിയുടെ പക്ഷം അങ്ങനെ ചെയ്തത്. അതുകൊണ്ടാണ് യുഡിഎഫ് ജയിച്ചതും.
ചങ്ങനാശ്ശേരിയിൽ തന്റെ പിൻഗാമിയായി സാജൻ ഫ്രാൻസിസ് വരണമെന്നതായിരുന്നു സി എഫ് തോമസിന്റെ ആഗ്രഹം. എന്നാൽ അതു നടക്കാതെ പോയി. തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസിന് മത്സരിക്കാൻ പോലും കഴിഞ്ഞില്ല. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ജോബ് മൈക്കിൾ എംഎൽഎയായി. ഒരു പക്ഷേ ജോസ് കെ മാണിക്കൊപ്പം നിന്നിരുന്നുവെങ്കിൽ സാജൻ ഫ്രാൻസിസിന് മത്സരിക്കാൻ അവസരം കിട്ടുമായിരുന്നു. എൽഡിഎഫിൽ ജോസ് കെ മാണി കരുത്തു കാട്ടിയപ്പോൾ യുഡിഎഫിൽ പിജെ ജോസഫിന്റെ പ്രസക്തിയും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കുറഞ്ഞുവെന്നതാണ് വസ്തുത.
ഇതെല്ലാം സാജൻ ഫ്രാൻസിസിനെ തളർത്തിയിരുന്നു. സിഎഫിന്റെ പകരക്കാരനാകാനുള്ള പ്രതീക്ഷ ഇല്ലാതായത് മാനസികമായി തകർത്തു എന്നത് പാർട്ടിക്കാരും തിരിച്ചറിഞ്ഞിരുന്നു. ഇതിന് ഒപ്പം മകന്റെ വിവാഹ ശേഷം ഉണ്ടായ അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനാവാത്തതും ആരോഗ്യത്തെ ദുർബ്ബലമാക്കി. ഇതിനിടെ രോഗശാന്തി ശുശ്രൂഷകനായ സജിത്ത് ജോസഫും സംഘവും പ്രാർത്ഥിച്ച് സുഖപ്പെടുമെന്ന് കുരതി കാത്തിരുന്നപ്പോൾ അകാല വാർദ്ധക്യത്തിന് ഇരയായി. കുടുംബത്തിന്റെ ഈ തീരുമാനവും തെറ്റി. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് മരണത്തിന് കീഴടങ്ങുന്നത്. ചങ്ങനാശ്ശേരിക്കാരെ സങ്കടപ്പെടുത്തുന്നതാണ് ഈ പൊതു പ്രവർത്തകന്റെ വിയോഗം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു. അന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല. ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തന്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകിയിരുന്നു.
എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളും കത്തോലിക്കാ സഭയും സാജൻ ഫ്രാൻസിസിന് പിന്തുണ അറിയിച്ചതായും റിപ്പോർട്ടെത്തി. എന്നാൽ സീറ്റ് മാത്രം നൽകിയില്ല. പിജെ ജോസഫ് തനിക്ക് താൽപ്പര്യമുള്ള വ്യക്തിക്ക് സീറ്റ് നൽകി. തോൽക്കുകയും ചെയ്തു. കേരളാ കോൺഗ്രസ് ഫ്രാൻസിസിന്റെ വൈസ് ചെയർമാൻ കൂടിയായിരുന്നു സാജൻ ഫ്രാൻസിസ്.
സീറ്റ് നിഷേധിച്ച ശേഷം അനുരജ്ഞനത്തിന്റെ ഭാഗമായാണ് ഈ പദവി നൽകിയത്. നിരവധി ബോർഡുകളിലും അംഗമായിരുന്നു.


