കോഴിക്കോട്: എഴുത്തിലെ ഏകാന്ത പഥികനായിരുന്നു ഇന്ന് വിടവാങ്ങിയ സലാം പള്ളിത്തോട്ടം. ഇന്ന് കൊല്ലം പള്ളിത്തോട്ടത്തായിരുന്നു ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന സലാം പള്ളിത്തോട്ടത്തിന്റെ അന്ത്യം. ഒരു കാലത്ത് കോഴിക്കോടിന്റെ സാംസ്കാരിക വഴികളിൽ എഴുത്തും നാടകവുമായി നിറഞ്ഞുനിന്നിരുന്ന എഴുത്തുകാരൻ അവസാന കാലത്ത് ഏറെ ദുരിതത്തിലായിരുന്നു. അശോകപുരത്തെ ചെറിയ വീട്ടിൽ കുറച്ചു പൂച്ചകൾക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ വാസം. അസുഖം മൂർച്ഛിച്ചതോടെയാണ് കൊല്ലത്തെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.

മോഹൻലാൽ നായകനായ 'ഉയരും ഞാൻ നാടാകെ'എന്ന ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന വെളിപ്പെടുത്തലിലൂടെയാണ് സമീപകാലത്ത് സലാം പള്ളിത്തോട്ടം വാർത്തകളിൽ നിറഞ്ഞത്. കെ പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി താൻ രൂപപ്പെടുത്തിയ തിരക്കഥയാണ് ഉയരും ഞാൻ നാടാകെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ തിരക്കഥയുടെ ക്രെഡിറ്റ് വന്നത് പ്രശസ്ത നാടകകൃത്ത് പി എം താജിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്കാരിക പ്രവർത്തകനായ ബൈജു മേരിക്കുന്ന് ഇക്കാര്യം ഫേസ് ബുക്കിൽ ഇട്ടതോടെ സംഭവം വിവാദമായി.

കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സലാം ഒരു സിനിമയ്ക്കുള്ള വലിയ സാധ്യത മനസിൽ കൊണ്ടു നടന്നുവെന്ന് ബൈജു വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് പലരോടും തന്റെയീ ആശയം പങ്കുവക്കുന്നു, സിനിമയുടെ വലിയ ലോകം അപ്രാപ്യമായ സുഹൃത്തുക്കളിൽ പലരും വെള്ളിത്തിരയുടെ അല്ലെങ്കിൽ അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളുടെ കഥപറഞ്ഞു കൊടുക്കുന്നു. എന്നിട്ടും സലാം ആ കഥയുമായി തന്നെ മുന്നോട്ടുപോകുന്നു. ഒടുവിൽ അദ്ദേഹം തിരക്കഥ പൂർത്തിയാക്കുകുയം സുഹൃത്തുക്കൾക്കൊപ്പം നിർമ്മാതാവിന് മുന്നിൽ തിരക്കഥ അവതരിപ്പിക്കുകയും ചെയ്തു. നിർമ്മാതാക്കൾ അഭിനന്ദിക്കുകയും രണ്ടാഴ്ചക്കകം മദ്രാസിലേക്ക് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തിരക്കഥ അവരെ ഏൽപ്പിച്ച് സലാം മടങ്ങി. എന്നാൽ പിന്നീട് ഇദ്ദേഹം ഒരു വാർത്തയറിയുന്നു.

ഒരു പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു സിനിമയുടെ പേര് 'ഉയരും ഞാൻ നാടാകെ' മോഹൻലാൽ അടക്കമുള്ള അഭിനേതാക്കൾ. താൻ തിരക്കഥ കൈമാറിയ നിർമ്മാണകമ്പനി. തലചുറ്റുന്നതുപോലെ തോന്നിത്തുടങ്ങിയ അല്ലെങ്കിൽ പാതിയടഞ്ഞ കാഴ്ചയിലായിരുന്നു സലാം. ആ സിനിമയുടെ തിരക്കഥാകൃത്തിന്റെ പേര് വായിച്ചത് അത് മറ്റാരുമല്ലായിരുന്നു വിഖ്യാത നാടകക്കാരൻ 'പി എം താജിന്റെ' പേരിൽ ആയിരുന്നു താൻ പേറ്റുനോവറിഞ്ഞു പെറ്റിട്ട ആ തിരക്കഥ വന്നിരിക്കുന്നത്.

അന്ന് മുതൽ സലാം ലോകത്തിന് മുന്നിൽ നിന്നും സ്വയം പിൻവാങ്ങുകയും നിശബ്ദമായി ജീവിതം ഹോമിച്ചു തീർക്കുകയുമായിരുന്നെന്നും ബൈജു വ്യക്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് കോഴിക്കോട് അശോകപുരം സെന്റ് വിൻസെന്റ് കോളനി റോഡിലെ ഒരു കൊച്ചുവീട്ടിൽ കുറച്ചു പൂച്ചകൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വാസം.

1970 കളിൽ കൊല്ലത്തു നിന്ന് കോഴിക്കോട്ടേക്ക് ചേക്കേറിയതാണ് സലാം. ബീഡി തെറുപ്പായിരുന്നു ജോലി. സലാമിന്റെ ആദ്യ കഥ ('ചങ്ങല') അച്ചടിച്ച് വരുന്നത് പതിനാറാം വയസിലാണ്. എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ പത്രാധിപരായിരുന്ന 'കുങ്കുമം' മാസികയിൽ. 'തെരുവിലെ മനുഷ്യൻ', 'കയറ്റം', 'ഉപാസന' തുടങ്ങിയവ തുടർ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 'ആ ശൂന്യത വീണ്ടും' എന്ന ചെറുനോവലും 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന നാടകവും ശ്രദ്ധിക്കപ്പെട്ട രചനകളായിരുന്നു.

തോരാമഴ എന്ന റേഡിയോ നാടകം സലാമിനെ ശ്രദ്ധേയനാക്കി. ബീഡി തെറുത്ത് തുടക്കകാലത്ത് ജീവിതവഴി കണ്ടെത്തിയ അദ്ദേഹം, തുടർന്ന് ഹോട്ടൽ വ്യാപാരം, പുസ്തക പ്രസാധനം, ചലച്ചിത്ര വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. പാതിരാസൂര്യൻ, പാഠം ഒന്ന് ഭാരതം, പവിഴദ്വീപ്, ആഴങ്ങളിൽ ഉയരം, ഇടവപ്പാതിയും കാത്ത് തുടങ്ങിയവ സ്റ്റേജ് നാടകങ്ങളാണ്.

ബഷീറിന്റെ 'ശബ്ദങ്ങൾ', രബീന്ദ്രനാഥ ടാഗോറിന്റെ 'പോസ്റ്റ്മാൻ', ചങ്ങമ്പുഴയുടെ 'രമണൻ, പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' തുടങ്ങിയ പ്രസിദ്ധ സാഹിത്യ കൃതികൾക്ക് നാടകാവിഷ്‌കാരം നൽകി. തേൻനിലാവ്, ഒരു തീരം മഹാസാഗരം നോവലുകളാണ്. മൗനത്തിന്റെ ശബ്ദം (1984), മലകൾ മനുഷ്യർ താഴ് വരകൾ (1989), നെയ്യപ്പം വിൽക്കുന്ന കുട്ടി (1989), ഒരു തീരം മഹാസാഗരം (1992) എന്നിവ തിരക്കഥകളാണ്.

സ്വദേശാഭിമാനി' പത്രത്തിന്റെ പ്രസാധകനും വിഖ്യാത സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന വക്കം മൗലവിയുടെ അനന്തിരവൻ മുഹമ്മദ് നൂഹ് ആണ് പിതാവ്. നബീസ മാതാവ്. സഹോദരങ്ങൾ; ഫാത്തിമ ബീവി, മുനീറ