മുംബൈ: മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവൻ. സംഗീത് ശിവൻ മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. രഘുവരനും സുകുമാരനുമായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യൂഹം പുറത്തിറങ്ങിയത് 1990ലായിരുന്നു.

എ ആർ റഹ്മാൻ ആദ്യമായി മലയാളത്തിൽ എത്തിച്ച സിനിമാ പ്രവർത്തകനായിരുന്നു അദ്ദേഹം. യോദ്ധയിലൂടെയാണ് റഹ്മാൻ മലയാളം സിനിമയിൽ എത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദിയിൽ എട്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് സംഗീത് ശിവൻ. 2017ൽ പുറത്തിറങ്ങിയ ഇ ആണ് അവസാന മലയാളം ചിത്രം.

1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബികോം ബിരുദവും കരസ്ഥമാക്കി.

തന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിത്. അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും.

അതിനു ശേഷം, പൂണെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി 'വ്യൂഹം' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് 'ഡാഡി', 'ഗാന്ധർവ്വം', 'നിർണ്ണയം' തുടങ്ങിയ ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. 'ഇഡിയറ്റ്സ്' എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ജയശ്രീ, മക്കൾ: സജന, ശാന്തനു.