ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത്ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രിൽ 20-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1973-ൽ 'രാമരാജ്യത്തിലൂടെ' സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 1977ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത 'പട്ടിണ പ്രവേശം' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. 1978ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'നിഴൽകൾ നിജമാകിറത്' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 1984ൽ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം. 2021-ൽ പുറത്തിറങ്ങിയ 'വക്കീൽ സാബാ'ണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴിൽ ഈ വർഷം 'വസന്ത മുല്ലൈ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സഹതാരത്തിനുള്ള നന്തി പുരസ്‌കാരത്തിന് ഒൻപതു തവണ അർഹനായിട്ടുണ്ട്.

വിവിധ ഭാഷകളിലായി 200-ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്‌സി, ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.

മെയ് മൂന്നിന് ശരത് മരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അതിനുപിന്നാലെ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സഹോദരി രംഗത്തെത്തുകയായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്.