- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലാനന്ദനെ വിവാഹം ചെയ്തതോടെ പാർട്ടി കുടുംബത്തിൽ അംഗമായി; കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ മാതൃകാദമ്പതികൾ; ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ കളമശേരിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ്; സംസ്ഥാന സമിതിയിൽ നിന്നൊഴിവാക്കിയപ്പോൾ പൊട്ടിക്കരഞ്ഞു; വനിതാ മതിലിൽ ഭാഗമായി; സരോജനി ബാലാനന്ദൻ ഇനി ഓർമ്മ
കളമശ്ശേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന അന്തരിച്ച ഇ ബാലാനന്ദന്റെ ഭാര്യയാണ്. മക്കൾ സുലേഖ, സുനിൽ, സരള, പരേതയായ സുശീല. സംസ്‌കാരം വിദേശത്തുള്ള മകൻ വന്നതിന് ശേഷം. മൃതദേഹം പറവൂർ ഡോൺ ബോസ്‌കൊ ആശുപത്രി മോർച്ചറിയൽ.
പറവൂരിൽ മകൾ സുലേഖയുടെ വീട്ടിൽ ചൊവ്വ രാത്രി എട്ടരയോടെ ആയിരുന്നു അന്ത്യം. കളമശേരിയിലെ വീട്ടിൽ നിന്നും കോവിഡിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം മകളുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. വനിതാ മതിൽ പരിപാടിയാണ് അവസാനമായി പങ്കെടുത്ത പൊതു പരിപാടി.
വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പറവൂർ ഡോൺ ബോസ്‌കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് തീരുമാനിക്കും.
സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സരോജിനി ബാലാനന്ദൻ നടത്തിയത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നിവക്കെതിരെ പരാതിക്കാരോടൊപ്പം നിന്ന് അവർ പോരാടി. നീതി ലഭ്യമാക്കാനുള്ള ശക്തമായ ഇടപെടലുകൾ നടത്തി. പ്രാദേശികതലത്തിലടക്കം പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവായിരുന്നു സരോജിനി ബാലാനന്ദൻ. സഖാവ് ഇ.ബാലാനന്ദന്റെ സഹധർമ്മിണി എന്ന നിലയിൽ എന്നും അദ്ദേഹത്തോടൊപ്പം എന്നും സരോജിനി ബലാനന്ദൻ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ദീർഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സരോജിനി ബാലാനന്ദൻ, സിപിഎം സംസ്ഥാനസമിതി അംഗവുമായിരുന്നു. 2012ൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി. ആരോഗ്യ കാരണങ്ങളാലായിരുന്നു ഒഴിവാക്കൽ. ഇതിനെതിരെ അതിശക്തമായി അവർ പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് അവർ പാർട്ടിയുമായി സഹകരിച്ചു.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽനിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്നത്തെ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെട്ടത്. ദീർഘകാലം പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന സരോജിനി ബാലാനന്ദൻ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായപ്പോൾ വികാരാധീനയായി പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു. സിപിഎം പിബി അംഗമായിരുന്ന ഇ. ബാലാനന്ദനെ വിവാഹം കഴിച്ചതോടെയാണു പാർട്ടി കുടുംബത്തിൽ സരോജിനി അംഗമാകുന്നത്. തുടർന്നു സഖാവിന്റെ നിഴലുപോലെ എപ്പോഴുമുണ്ടായിരുന്നു.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ മാതൃകാദമ്പതികളായിരുന്നു ബാലാനന്ദനും സരോജിനിയും. ഇ. എം. എസ്. മന്ത്രിസഭ അധികാരത്തിൽ വന്നതുവഴി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുവർണവർഷമായ 1957ലാണ് ഇരുവരും വിവാഹിതരായത്. ബാലാനന്ദന്റെ അമ്മയുടെ ബന്ധത്തിലുള്ള അമ്മാവനായ കേശവൻ വൈദ്യന്റെ മകളാണു സരോജിനി. കല്യാണസമയത്തു കൊല്ലത്ത് വിമൻസ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുകയായിരുന്നു അവർ.
വിവാഹശേഷം കുറെക്കാലം ആലുവ അശോക ടെക്സ്റ്റൈൽസിലെ സഹകരണസംഘത്തിൽ ക്ലാർക്കായി ജോലിചെയ്തിരുന്നു. 1968ൽ ജോലി രാജിവച്ച് സരോജിനി സജീവരാഷ്ട്രീയത്തിലിറങ്ങി. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി.