- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതി എഴുതിയ പേപ്പറും തുറന്ന പേനയും അടുത്ത്; വാതിൽ തള്ളിത്തുറന്നപ്പോൾ നിലത്തുകിടക്കുന്ന നിലയിൽ സതീഷ്; പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യമാകാം മരണകാരണമെന്ന് നിഗമനം; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവികതയില്ല
തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ(59) മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകും. വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. വാതിൽ തള്ളിതുറന്നപ്പോൾ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പർ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഫ്‌ളാറ്റിൽ മരിച്ച് കിടക്കുന്ന നിലയിലാണ് സതീഷിനെ ബന്ധുക്കൾ കണ്ടെത്തിയത്.
കുടുംബത്തോടൊപ്പം തലസ്ഥാനത്തെ ഫ്‌ളാറ്റിലാണ് സതീഷ് താമസിച്ചിരുന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബം നാട്ടിലേക്ക് പോയതിനാൽ ഫ്‌ളാറ്റിൽ ഒറ്റക്കായിരുന്നു. ഫോണിൽ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ട്. പെട്ടെന്ന് സംഭവിച്ച ശാരീരിക അസ്വസ്ഥതയാകാം മരണ കാരണമായതെന്നാണ് നിഗമനം.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പൊലീസ് ഫ്‌ളാറ്റിന്റെ വാതിൽ പൊളിച്ച് അകത്ത് കയറുന്നത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം.. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി.
കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.
സതീഷ് ബാബുവിന്റെ നിര്യാണത്തിൽ സ്പീക്കറും, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി.
സ്പീക്കറുടെ അനുശോചനം
സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ അനുശോചിച്ചു. എഴുത്തുകാരൻ, ടെലിവിഷൻ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു
മുഖ്യമന്ത്രിയുടെ അനുശോചനം
മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകൾ നൽകിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ലളിതമായ ഭാഷയിൽ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകൾ മലയാളി വായനക്കാർക്ക് പ്രിയപ്പെട്ടതാണ്. ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സജീവമായി ഇടപെട്ടു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. എഴുത്തിനോടും കലാരംഗത്തോടും അടങ്ങാത്ത അഭിനിവേശമായിരുന്നു സതീഷ് ബാബുവിന്. അതുകൊണ്ടു തന്നെയാണ് ബാങ്ക് ജോലി ഉപേക്ഷിച്ച അദ്ദേഹം സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയത്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തിയത്. സതീഷ് ബാബുവിന്റെ അപ്രതീക്ഷിത വിയോഗം കലാ, സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.