- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻപിടിക്കാൻ പോയപ്പോൾ ജിബിത്ത് അനുജൻ ജയജിത്തിനെയും ഒപ്പം കൂട്ടി; ചേട്ടൻ മുങ്ങി താഴുന്നത് കണ്ട് അനുജൻ നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല; ചേട്ടൻ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലിൽ ഏഴാം ക്ലാസുകാരൻ; മകനെയോർത്ത് നിലവിളിക്കുന്ന മഞ്ജു ടീച്ചറെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും
തിരുവനന്തപുരം: വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലക്കടവിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടികളിൽ മൃതശരീരം കണ്ടെത്തിയ ജിബിത്ത് മാത്തിന്റെ(14) ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ നിലവിളിച്ച അമ്മയെ ആശ്വസിപ്പിക്കാനാകാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പാപ്പാട് ഗാത്സമൽ വീട്ടിൽ ജയരാജ് -മഞ്ജു ദമ്പതികളുടെ മൂത്തമകനും പട്ടം സെന്റ് മേരീസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ജിബിത്ത് മാത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് നാലോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ 'എന്റെ പൊന്നു മോനേ.. ഞാനിതെങ്ങനെ സഹിക്കും ടീച്ചറേ..' മഞ്ജുവിന്റെ അലറിക്കരച്ചിലിനു മുന്നിൽ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. ശനിയാഴ്ച വൈകിട്ടാണ് പാപ്പാട് ഗാത്സമനിൽ ജയരാജിന്റെയും മഞ്ജുവിന്റെയും മകൻ ജിബിത്ത് മാത്തും (14) സഹോദരൻ ജയജിത്തും മൂന്നാംമൂട് വാവുവിള ദയാഭവനിൽ പേരതനായ രാജീവ് അനീറ്റ ദമ്പതികളുടെ മകൻ നിരഞ്ജനും അടങ്ങിയ നാലംഗ സംഘം മൂന്നാംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലെക്കടവിൽ മീൻപിടിക്കുന്നതിനായി പോയത്.
ജിബിത്തും നിരഞ്ജനും ഒഴുക്കിൽപ്പെടുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ചേട്ടനും അനിയനും മുറിയിലിരിക്കുന്നതു കണ്ട് ട്യൂഷന് പോകണമെന്ന് പറഞ്ഞശേഷം കോഴിക്ക് തീറ്റ കൊടുക്കാൻ പോയതായിരുന്നു മഞ്ചംപാറ എൽ.പി സ്‌കൂൾ അദ്ധ്യാപികയായ മഞ്ജു. പിന്നെ കേൾക്കുന്നത് മൂത്തമകൻ ജിബിയെന്ന ജിബിത്തിനെ ആറ്റിൽ കാണാതായ വാർത്തയാണ്. അപ്പോൾ മുതൽ കുഞ്ഞിനൊന്നും വരുത്തരുതേയെന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരുന്ന മഞ്ജുവിനു മുന്നിൽ ഭർത്താവ് ജയരാജ് തന്നെയാണ് മകന്റെ മരണ വിവരം അറിയിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ ജിബിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരൻ ജെറിയെന്ന ജയജിത്ത് എ.ആർ.ആർ പബ്ളിക് സ്‌കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിയാണ്. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാനും കുളിക്കാനുമായി ആറ്റിലേക്ക് പോയപ്പോൾ ജെബിത്ത് ജയജിത്തിനെയും ഒപ്പം കൂട്ടിയിരുന്നു. ചേട്ടൻ മുങ്ങുന്നതു കണ്ട് ജയജിത്ത് നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നും ഒപ്പമുണ്ടായിരുന്ന ചേട്ടൻ നഷ്ടപ്പെട്ട ഞെട്ടലിലാണ് ജയജിത്ത്. അച്ഛൻ ജയരാജ് റിട്ട. ബി.എസ്.എഫ് ജീവനക്കാരനാണ്. എന്തു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന ജിബിയെക്കുറിച്ച് എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളൂ.
ഇക്കഴിഞ്ഞ ഓണത്തിന് അമ്മയുടെ സ്‌കൂളിലെ ഓണപ്പരിപാടികൾക്കെത്തിയ ജിബി സദ്യ വിളമ്പാനും കളികളിൽ പങ്കെടുക്കാനുമൊക്കെ മുന്നിൽ തന്നെയുണ്ടായിരുന്നെന്ന് സ്‌കൂൾ അദ്ധ്യാപകർ ഓർക്കുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും അദ്ധ്യാപകരും അനദ്ധ്യാപകരുമടക്കം നിരവധിപേർ ജിബിത്തിന് ആദരാഞ്ജലിയർപ്പിക്കാനെത്തി. മന്ത്രി വി.ശിവൻകുട്ടിയും വി.കെ പ്രശാന്ത് എംഎൽഎയും വീട്ടിലെത്തി രക്ഷിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ പാറ്റൂർ പള്ളിയിൽ സംസ്‌കരിച്ചു. ജിബിത്ത് മാത്ത് മരണപ്പെടുകയും ഏഴാം ക്ളാസ് വിദ്യാർത്ഥിയായ നിരഞ്ജനെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ ഫാ. ബാബു ടി. അറിയിച്ചു.
മൂന്നാമൂട് വാവുവിള ദയാഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പരേതനായ രാജീവ്-അനീഷ ദമ്പതികളുടെ മകനും പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയുമായ നിരഞ്ജന് (12) വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ രാവിലെ ആറു മുതൽ ആരംഭിച്ച ഫയഫോഴ്സ് സംഘത്തിന്റെ തെരച്ചിൽ വൈകിട്ട് അഞ്ചുമണിവരെ നീണ്ടു. അടിയൊഴുക്ക് ശക്തമാവുന്നതും അപ്രതീക്ഷിതമായി വെള്ളം കൂടുന്നതും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്.