- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു; വിടവാങ്ങിയത് ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളും രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും; ബിഹാർ രാഷ്ട്രീയത്തിലെ അതികായൻ; ജെഡിയുവിനെ നിതീഷ് കുമാർ ബിജെപി ക്യാമ്പിലെത്തിച്ചപ്പോഴും തന്റെ രാഷ്ട്രീയം ഉയർത്തി പിടിച്ച നേതാവ്
ന്യൂഡൽഹി: ആർ.ജെ.ഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് അന്തരിച്ചു.75 വയസ്സായിരുന്നു.ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. വി.പിസിങ്ങ്-വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്ന ശരത് യാദവ് രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായാണ് അറിയപ്പെടുന്നത്.
ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ബിഹാർ രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായിരുന്നു.ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാം ഫോർട്ടിസ് മൊമോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മരണം. മകൾ ശുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് ശരത് യാദവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് കൊണ്ടുവന്നതെന്നും ഈ സമയം പൾസോ, രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശരത് യാദവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചിച്ചു.
1974ൽ ജബൽപുരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.
1999 മുതൽ 2004 വരെ വാജ്‌പേയി സർക്കാറിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2003ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു ശരത് യാദവ്. 2003ൽ അദ്ദേഹം ജെ ഡി യു പ്രസിഡന്റായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2009ൽ മധേപുരയിൽ നിന്ന് ശരത് യാദവ് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ജെ ഡി യുവിന്റെ പരാജയം ശരത് യാദവും നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.
2017 ൽ ജെ ഡി യുവിനെ നിതീഷ് കുമാർ ബിജെപി ക്യാമ്പിലെത്തിച്ചപ്പോൾ ശരത് യാദവ് ശക്തമായി എതിർത്ത് തന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു.
ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു.ലോക് തന്ത്രിക് പാർട്ടിയെ പിന്നീടാണ് അദ്ദേഹം തന്നെ മുൻകൈയെടുത്ത് ആർജെഡിയിൽ ലയിപ്പിച്ചത്.