റാന്നി: സ്‌കൂളിൽ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്‌കൂൾ വിദ്യാർത്ഥി അയിരൂർ വെള്ളിയറ താമരശേരിൽ കെ.കെ. വർഗീസിന്റെയും ഷേർലിയുടെയും ആരോൺ പി.വർഗീസാണ് (6) റാന്നിയിലെ മാർത്തോമ്മ ആശുപത്രിയിൽ മരിച്ചത്.

സ്‌കൂളിൽ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് സ്‌കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനു ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള മാർത്തോമ്മ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർധിക്കുകയും കൂടുതൽ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെവച്ച് ഏകദശം പത്ത് മണിയോടെയാണു കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അതേ സമയം, കുട്ടിയുടെ ശാരീരിക നില നോക്കാതെ അനസ്തേഷ്യ നൽകിയതാണ്് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, അനസ്തേഷ്യയിൽ പിഴവില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണകാരണം പോസ്റ്റുമോർട്ട്ം റിപ്പോർട്ട് വന്നതിന് ശേഷമേ അറിയാൻ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്.