തിരുവനന്തപുരം: തനിക്ക് എറ്റവും ബഹുമാനം തോന്നിയിട്ടുള്ള സിപിഎം നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ എന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ ചർച്ചകളിൽ പലവട്ടം ഒരുമിച്ച് പങ്കെടുത്തിട്ടുള്ള സിപിഎം നേതാവ് കാര്യങ്ങൾ പഠിക്കുന്ന ആളായിരുന്നു. മാനുഷികമായി കാര്യങ്ങൾ വിശദീകരിക്കുന്ന നേതാവായിരുന്നു.

ശ്രീജിത്ത് പണിക്കർ ആനത്തലവട്ടം ആനന്ദനെ ഓർക്കുന്നത് ഇങ്ങനെ:

എനിക്ക് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള സിപിഎം നേതാവായിരുന്നു ശ്രീ ആനത്തലവട്ടം ആനന്ദൻ. പാർട്ടിയുടെയും തൊഴിലാളി യൂണിയന്റെയും ഉയർന്ന ചുമതലകൾ ഉണ്ടായിരുന്നപ്പോഴും പാർട്ടി നയങ്ങളുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചകൾ അദ്ദേഹം മുടക്കിയില്ല. വിവിധ ചാനലുകളിൽ, വിവിധ വിഷയങ്ങളിൽ, നിരവധി ചർച്ചകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കുന്നതിനും അവതരിപ്പിക്കുന്നതിനും പ്രായമോ പദവിയോ ഒരു തടസ്സമല്ല എന്നതാണ് ഞാൻ അദ്ദേഹത്തിൽ നിന്നു പഠിച്ച ഏറ്റവും വലിയ പാഠം. 80 വയസ്സ് കഴിഞ്ഞിട്ടും ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കാര്യങ്ങൾ എഴുതിയെടുക്കാൻ ഒരു ചെറിയ ഡയറി അദ്ദേഹം കയ്യിൽ കരുതുന്നത് കൗതുകത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരിക്കൽ കൈരളി ന്യൂസിൽ സാമ്പത്തിക സംവരണത്തെ കുറിച്ചുള്ള ഒരു ചർച്ച നടക്കുകയാണ്. അദ്ദേഹവും ഞാനും ഒരേ സ്റ്റുഡിയോയിൽ. സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിനുവേണ്ട മാറ്റങ്ങൾ ഒരിടത്തും വരുത്തിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ അത് ശരിയല്ലെന്നും ഭരണഘടനയിൽ 15(6), 16(6) എന്നിങ്ങനെ രണ്ട് വ്യവസ്ഥകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിൽ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. ചർച്ച കഴിഞ്ഞയുടനെ അദ്ദേഹം എന്റെ സമീപം വന്ന് ആ രണ്ട് അനുച്ഛേദ വ്യവസ്ഥകളും ഏതൊക്കെയെന്ന് വീണ്ടും ചോദിച്ച് എഴുതിയെടുത്തു. താൻ അതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല എന്നും, തർക്കിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും, ഇനി വായിക്കാം എന്നും പറഞ്ഞു. അക്കാലത്ത് കുറച്ചു ചർച്ചകളിൽ മാത്രം പങ്കെടുത്തിട്ടുള്ള, പ്രായത്തിൽ വളരെ ഇളപ്പമായ എന്നോട് അതുപറയാൻ കഴിയണമെങ്കിൽ അനാവശ്യ ഈഗോ എന്നൊന്ന് അദ്ദേഹത്തിനില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.

മറ്റൊരിക്കൽ ജനം ടിവിയിൽ ഒരു ചർച്ചയിൽ പെരിയ കൊലപാതകങ്ങളെ കുറിച്ച് ചോദിച്ച് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ മറ്റു പലരെയും പോലെ ന്യായീകരിക്കാൻ തയ്യാറാകാതെ മാനുഷികമായി മാത്രം കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരേചോദ്യം ആവർത്തിച്ച് ചോദിച്ചപ്പോഴും അദ്ദേഹം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അവതാരകൻ അന്നു പറഞ്ഞത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്: 'ഇനിയും ചോദിക്കേണ്ട ശ്രീജിത്തേ, ശ്രീ ആനത്തലവട്ടത്തിന്റെ പുഞ്ചിരിയിൽ അദ്ദേഹത്തിന്റെ മറുപടിയുണ്ട്,' എന്ന്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് സിപിഎം വക്താക്കൾ എന്നെ ചർച്ചകളിൽ നിന്ന് ബഹിഷ്‌കരിച്ചത്. എന്നാൽ അതിനുശേഷവും എന്നോടൊപ്പം ചർച്ചകളിൽ പങ്കെടുത്ത ആളാണ് ശ്രീ ആനത്തലവട്ടം. എന്നോടൊപ്പം പങ്കെടുക്കരുതെന്ന നിർദ്ദേശത്തെ കുറിച്ച് ഒരിക്കൽ സൂചിപ്പിച്ചപ്പോൾ താൻ മനുഷ്യരെ ബഹിഷ്‌കരിക്കാറില്ലെന്നും, എന്നോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നതിന് സന്തോഷമേ ഉള്ളൂവെന്നും, ഇരുവർക്കും തുല്യമായ അവസരം ചർച്ചയിൽ കിട്ടണമെന്നു മാത്രമേ നിർബന്ധമുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസിലെ ആ ചർച്ചയിൽ അദ്ദേഹം പങ്കെടുത്തത് എകെജി സെന്ററിൽ നിന്നു തന്നെയായിരുന്നു.

ഒരു ചർച്ചയിൽ അവതാരകരോടും സഹപാനലിസ്റ്റുകളോടും പുലർത്തേണ്ട മാന്യത, മര്യാദ, ബഹുമാനം എന്നീ ഗുണങ്ങളുടെ മാതൃകയായി അദ്ദേഹത്തെ കുറിച്ച് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. ഏതു പ്രായത്തിലും അറിവ് സമ്പാദിക്കണമെന്നുള്ള ആഗ്രഹം കൈമോശം വരാതിരിക്കാൻ അദ്ദേഹം എന്നെ എന്നും പ്രചോദിപ്പിക്കും. ഒപ്പം പങ്കിട്ട നിമിഷങ്ങൾ ഒരിക്കലും മറക്കില്ല സഖാവേ.
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ഹരി ഓം.