തൃശൂർ: ഏറെ പ്രതീക്ഷയോടെ കണ്ട യുവ ആർക്കിടക്ടിന്റെ വിയോഗ ദുഃഖം പങ്കുവച്ച് ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. തൃശൂർ എൻജിനിയറിങ് കോളേജിലെ പഠന ശേഷം ഹാബിറ്റാറ്റിൽ ഇന്റേൺഷിപ്പ് ചെയ്ത ശ്രീലക്ഷ്മിയാണ് അപകടത്തിൽ മരിച്ചത്.

മിടുക്കിയായ അർക്കിടെക്ടിനെയാണ് നഷ്ടമായതെന്ന് ഫെയ്‌സ് ബുക്കിൽ ജി ശങ്കർ കുറിച്ചു. തൃശൂരിലെ പഠന ശേഷം ഹാബിറ്റാറ്റിലെത്തിയ മൂന്ന് പേരിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി. അർകിടെക്ട് എന്ന നിലയിൽ അടുത്ത കണ്ട യുവാക്കളിൽ അസാമാന്യ പ്രതിഭയായിരുന്നു ശ്രീലക്ഷ്മി. ഹൈദരാബാദിലായിരുന്നു ശ്രീലക്ഷ്മി മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്തത്. ഒരു മാസം മുമ്പായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. വളരെ സന്തോഷവതിയായിരുന്നു ശ്രീലക്ഷ്മി. അപകടത്തിൽ ശ്രീലക്ഷ്മി മരിച്ചുവെന്നത് ഞെട്ടലുണ്ടാക്കിയെന്നാണ് ജി ശങ്കർ ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

പഠനത്തിൽ മിടുക്കിയായിരുന്നു ശ്രീലക്ഷ്മി. എൻജിനിയറിങ് പഠനത്തിനൊപ്പം തന്നെ കലാമേഖലകളിലും ശ്രീലക്ഷ്മി വ്യക്തിമുദ്ര പതിപ്പിച്ചു. നല്ലൊരു ഗായികയുമായിരുന്നു. സാമൂഹിക ഇടപെടലുകളും നടത്തി. അങ്ങനെ കൂടെ പഠിച്ചവരുടേയും സഹപ്രവർത്തകരുടേയും എല്ലാം പ്രശംസയും ശ്രദ്ധയും പിടിച്ചു പറ്റിയ വ്യക്തിത്വമാണ് ശ്രീലക്ഷ്മിയുടേത്. ആർക്കിടക്ട് മേഖലയിൽ വലിയ ഭാവി ശ്രീലക്ഷ്മിക്കുണ്ടായിരുന്നുവെന്ന് ജി ശങ്കർ അനുസ്മരിക്കുന്നു.

ബാഗ്ലൂരുവിലാണ് അപകടമുണ്ടായത്. ട്രക്കുമായി ശ്രീലക്ഷ്മിയും കുടുംബവും സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ശ്രീലക്ഷ്മി മാത്രമാണ് മരിച്ചത്. വിവാഹത്തിന് ശേഷം ബംഗ്ലൂരുവിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തൃശൂർ പൂങ്കുന്നം സ്വദേശിയാണ്. കാറിൽ കൂടെ സഞ്ചരിച്ചിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ശ്രീലക്ഷ്മിക്ക് അപകടത്തിൽ തലയ്ക്കാണ് പരിക്കേറ്റത്.

ഭർത്താവിന്റെ കുടുംബം അവധിയായതിനാൽ ബംഗ്ലൂരുവിലുണ്ടായിരുന്നു. അവർക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൂങ്കുന്നത്ത് ശ്രീലക്ഷ്മിയുടെ മൃതദേഹം എത്തിക്കും. ഞായറാഴ്ച തന്നെ സംസ്‌കാരവും നടക്കും.