തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന ജില്ലയെ നടുക്കി വിദ്യാർത്ഥികളുടെ മുങ്ങി മരണം. തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ഇവിടെ വച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാർത്ഥികൾ അവധി ദിവസത്തിൽ സ്ഥലത്തെത്തിയത്.

സാധാരണയായി ആളുകൾ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നത്. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേർ ചെളിയിൽ കുടുങ്ങി മുങ്ങി താഴ്കുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാർത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാർത്ഥികളെയും പുറത്തെടുത്തത്.

ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. പുറത്തെടുത്തപ്പോൾ തന്നെ മൂന്നുപേരും മരിച്ചിരുന്നു. സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും എത്തിയിട്ടുണ്ട്.